കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍

കേരള ഹൈക്കോടതി

കൊച്ചി: തനിക്കെതിരെ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ നല്‍കിയ മര്‍ദനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തരമായി ഇന്നുതന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലിന് ഹര്‍ജി പരിഗണിക്കും.

സംഭവത്തില്‍ താന്‍ നിരപരാധിയാണ്. ഇരയായ തന്നെ കേസില്‍ പ്രതിചേര്‍ത്തിരിക്കുകയാണ്. അതിനാല്‍ കേസ് റദ്ദാക്കണം. ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഗവാസ്‌കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഗവാസ്‌കര്‍ തന്നോട് മോശമായാണ് പെരുമാറിയത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക വാഹനം ഓടിക്കുന്നതില്‍ നിന്നും ജൂണ്‍ 13 ന് ഗവാസ്‌കറെ സുധേഷ് കുമാര്‍ വിലക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസവും ഗവാസ്‌കര്‍ വാഹനവുമായെത്തി. ഇതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. ഹര്‍ജിയില്‍ പറയുന്നു.

എഡിജിപിയുടെ മകള്‍ തന്നെ ഔദ്യോഗിക വാഹനത്തില്‍വച്ച് മര്‍ദിച്ചെന്ന് കാട്ടിയാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്. ഗവാസ്‌കറിന് മര്‍ദനമേറ്റെന്ന് മെഡിക്കല്‍ പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള മര്‍ദനത്തില്‍ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സംഭവത്തില്‍ ഗവാസ്‌കറുടെ പരാതിയില്‍ സ്‌നിഗ്ധയെ പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് റദ്ദാക്കാനാണ് സ്നിഗ്ധ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ ഗവാസ്‌കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് സ്‌നിഗ്ധയും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരായ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയില്‍ ഗവാസ്‌കറുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top