ലോകകപ്പിലെ മോശം പ്രകടനം; കോസ്റ്റാറിക്ക പരിശീലകന്‍ പുറത്തേക്ക്

ഓസ്‌കാര്‍ റാമിറസ്

റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോസ്റ്റാറിക്ക പരിശീലകന്‍ ഓസ്‌കാര്‍ റാമിറസ് പുറത്തായി. റാമിറസുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് കോസ്റ്റാറിക്ക ഫുട്‌ബോള്‍ ഫെഡറേഷന്‍ ബുധനാഴ്ച വ്യക്തമാക്കി.

‘റാമിറസുമായുള്ള കരാര്‍ അവസാനിച്ചു. അത് പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം’, ഫെഡറേഷന്‍ പ്രസിഡന്റ് റൊഡോള്‍ഫോ വില്ലാലോബോസ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ എത്തിയ കോസ്റ്റാറിക്ക തീര്‍ത്തും നിരാശാജനകമായ പ്രകടനമായിരുന്നു ഇത്തവണ കാഴ്ചവെച്ചത്. ഇത് പരിശീലകനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ കോസ്റ്റാറിക്കയ്ക്ക് സാധിച്ചിരുന്നില്ല. സെര്‍ബിയയോടും, ബ്രസീലിനോടും പരാജയപ്പെട്ട ടീം അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങുകയായിരുന്നു. 2015 ലാണ് റാമിറസ് പരിശീലകനായി ചുമതലയേറ്റത്. അതേസമയം കോസ്റ്ററിക്ക പുതിയ പരിശീലകനെ തേടുകയാണ്.

DONT MISS
Top