പൊന്നാനി നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി മുസ്‌ലിം ലീഗ്; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുന്‍പ്തന്നെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ച് പൊന്നാനി മണ്ഡലം

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുന്‍പ്തന്നെ പൊന്നാനി മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചു തുടങ്ങി. പൊന്നാനി പിടിച്ചടക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ മുന്നില്‍ കണ്ട് മണ്ഡലം നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് മുസ്‌ലിംലീഗ്. ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലോക്‌സഭാ മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണ കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നലെ പൊന്നാനി മണ്ഡലത്തില്‍ ലീഗ് തുടക്കം കുറിച്ചു.

കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിലായി പൊന്നാനി മണ്ഡലത്തില്‍ യുഡിഎഫ് വോട്ടുകളില്‍ സംഭവിച്ച ചോര്‍ച്ച തങ്ങള്‍ക്ക് ഗുണകരമായേക്കുമെന്ന പ്രതീക്ഷയില്‍ ഏതുവിധേനെയും മണ്ഡലം പിടിച്ചെടുക്കാന്‍ സജീവ പ്രവര്‍ത്തനങ്ങളുമായി സിപിഎം രംഗത്തുണ്ട്. ഇതിനുമുന്നോടിയായി വളരേമുന്‍പേതന്നെ പ്രാംരഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിന്റെയും ചുമത പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ബൂത്ത് കമ്മിറ്റികളുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിഡിപി പിന്തുണയോടെ ഹുസൈന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കി എല്‍ഡിഎഫ് കടുത്ത പ്രകടനം തന്നെ കാഴ്ച വെച്ചെങ്കിലും ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ 80,000 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു. 2014 ല്‍ ഇതിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് എല്‍ഡിഎഫ് രംഗത്തുവന്നെങ്കിലും വിജയം ലീഗിനൊപ്പം തന്നെയായിരുന്നു.

അതേമയം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, തവനൂര്‍, താനൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. ഈയൊരു പ്രതീക്ഷയുടെ പിന്‍ബലത്തിലാണ് പൊന്നാനിയില്‍ ഒരു കൈനോക്കാന്‍ എല്‍ഡിഎഫ് ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ അത് പ്രതീക്ഷ മാത്രമായി അവശേഷിക്കുമെന്നാണ് ലീഗ് നേതൃത്വം വെല്ലുവിളിക്കുന്നത്. നിലവിലെ സാഹചര്യം യുഡിഎഫിന് തുണയാകുമെന്നാണ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം. എല്‍ഡിഎഫിനെ മറികടന്ന് മണ്ഡലം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ അടിത്തട്ട് മുതലുള്ള പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരായി രംഗത്തിറക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്.

ഇരുമുന്നണികള്‍ക്കുമൊപ്പം മാറിമാറി നിന്ന മണ്ഡലമെന്ന നിലയില്‍ ഇത്തവണ അഭിമാനപ്പോരാട്ടമാണ് പൊന്നാനിയില്‍ നടക്കുക. പൊന്നാനി ഇത്തവണ തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് ഉറപ്പിച്ചാണ് ഇരു പാര്‍ട്ടികളും രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top