ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: തെളിവെടുപ്പ് പൂര്‍ത്തിയായി

കോട്ടയം: ഓര്‍ത്തഡോക്സ് വൈദികര്‍ പ്രതികളായ പീഡനക്കേസില്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്നലെ വൈകിട്ടോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഹോട്ടലില്‍ പരിശോധനക്ക് എത്തിയത്. രേഖകളുടെ പരിശോധനയാണ് പ്രധാനമായും നടന്നത്. വൈദികരെ ഇന്ന്അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ഇരയായ യുവതിയുമൊത്ത് വൈദികരില്‍ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു എന്ന മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട ചില രേഖകള്‍ യുവതിയുടെ ഭര്‍ത്താവ് പൊലീസിന് കൈമാറിയിരുന്നു. മൊഴിയിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിലെ പരിശോധന നാലു മണിക്കൂറോളം നീണ്ടു. ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ ഭര്‍ത്താവ് നല്‍കിയ മൊഴി യുവതിയും ശരിവച്ചതോടെയാണ് നാലു വൈദികരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസെടുത്തത്. അറസ്റ്റിന് മുന്നോടിയായുള്ള തെളിവ് ശേഖരണമാണ് ഇപ്പോള്‍ നടക്കുന്നത്. കൂടുതല്‍ വിശദമായ പരിശോധനകള്‍ പിന്നീട് നടക്കും. പ്രതികളെ സംഭവ സ്ഥലങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് ഉണ്ടാകും.

DONT MISS
Top