കുല്‍ദീപിന് അഞ്ച്, രാഹുലിന് നൂറ്, കോഹ്‌ലിക്ക് റെക്കോര്‍ഡ്; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഓള്‍ഡ്ട്രാഫോര്‍ഡ്: ബൗളിംഗും ബാറ്റിംഗും ഒരു പോലെ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയത്തോടെ തുടക്കം. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ പത്ത് പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി നില്‍ക്കെ മറികടന്നു. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ലോകേഷ് രാഹുലാണ് (101) വിജയം അനായാസമാക്കിയത്.

സ്‌കോര്‍: ഇംഗ്ലണ്ട് എട്ടിന് 159; ഇന്ത്യ 18.2 ഓവറില്‍ രണ്ടിന് 163. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ധവാന്‍ വില്ലിയുടെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയപ്പോള്‍ ഇന്ത്യ ആശങ്കപ്പെട്ടു. എന്നാല്‍ തുടര്‍ന്നെത്തിയ രാഹുല്‍ കളംനിറഞ്ഞ് ആടിയപ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ വെറും കാണികള്‍ മാത്രമായി. ബൗളര്‍മാരെ തെരഞ്ഞ് പിടിച്ച് രാഹുല്‍ അതിര്‍ത്തി കടത്തിയപ്പോള്‍ 13 ഓവര്‍ വരെ പത്ത് റണ്‍ ശരാശരിയിലായിരുന്നു ഇന്ത്യ സ്‌കോര്‍ ചെയ്തത്. 54 പന്തില്‍ പത്ത് ഫോറുകളും അഞ്ച് സിക്‌സറും ഉള്‍പ്പെടെയാണ് രാഹുല്‍ തന്റെ ട്വന്റി20യിലെ രണ്ടാം ശതകം കുറിച്ചത്. രോഹിത് ശര്‍മ (32), ക്യാപ്റ്റന്‍ കോഹ്‌ലി (20) എന്നിവര്‍ക്ക് പിന്തുണ നല്‍കേണ്ട ചുമതല മാത്രമെ ഉണ്ടായിരുന്നുള്ളൂ.

സ്വന്തം സ്‌കോര്‍ ഏഴില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ കോഹ് ലി കുട്ടിക്രിക്കറ്റിലെ ഒരു റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. 56 ഇന്നിംഗ്‌സുകളിലാണ് കോഹ്‌ലി 2000 റണ്‍സ് തികച്ചത്. 66 ഇന്നിംഗ്‌സില്‍ ഈ നേട്ടം കൈവരിച്ച ബ്രണ്ടന്‍ മക്കല്ലത്തെയാണ് കോഹ്‌ലി മറികടന്നത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് തകര്‍ത്തത്. മികച്ച തുടക്കം ലഭിച്ച ശേഷം കുല്‍ദീപിന് മുന്നില്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. അഞ്ച് ഓവറില്‍ 50 ലെത്തിയ ഇംഗ്ലണ്ടിന് പിന്നീട് 109 റണ്‍സ് മാത്രമാണ് നേടാനായത്. 46 പന്തില്‍ 69 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 20 പന്തില്‍ 30 റണ്‍സെടുത്ത ജേസണ്‍ റോയ്, 15 പന്തില്‍ 29 റണ്‍സെടുത്ത ഡേവിഡ് വില്ലി എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. കുല്‍ദീപ് നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ട്വന്റി20യില്‍ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

മൂന്ന് കളികളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം ആറിന് കാര്‍ഡിഫില്‍ നടക്കും. ട്വന്റി20 കൂടാതെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടെസ്റ്റുകളുമടങ്ങുന്നതാണ് പരമ്പര.

DONT MISS
Top