ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായി; ഫോറന്‍സിക് സംഘം മഠത്തിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായി. ആവശ്യമെങ്കില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തി ഫോറന്‍സിക് സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ബിഷപ്പിനെതിരായ പരാതി നേരത്തെ തന്നെ സഭാ അധികാരികളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തെളിവായി ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ഇവര്‍ നല്‍കി.

ലൈംഗികപീഡനം ആരോപിച്ച കന്യാസ്ത്രീ പരാതി വൈകിയാണ് നല്‍കിയതെന്ന ബിഷപ്പിന്റെ വാദം ശരിയല്ലെന്ന് കന്യാസ്ത്രീയുടെ കുടുംബം. ആദ്യപരാതി ജലന്തറിലെ മദര്‍ ജനറലിന് 2017 ജനുവരിയില്‍ നല്‍കി. തുടര്‍ന്ന് മദര്‍ ജനറല്‍ കുറവിലങ്ങാട്ടെത്തി പരാതിക്കാരിയെ കണ്ടെന്നും കുടുംബാംഗങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനു തെളിവായി ചിത്രങ്ങളും ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറി.

കന്യാസ്ത്രീയുടെ മൊഴിയെ അടിസ്ഥാനമാക്കി ബിഷപ്പിനെതിരായ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രിയുടെ മൊഴി. പീഡനം നടന്നുവെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയത് 20ാം നമ്പര്‍ മുറി ഫോറന്‍സിക്ക് സംഘം വിശദമായി പരിശോധിച്ചു. ഇതോടൊപ്പമാണ് മഠത്തിലെ റജിസ്റ്ററും പരിശോധിച്ചത്. 13 തവണ ബിഷപ്പ് മഠത്തിലെത്തിയതിന്റെ തെളിവ് റജിസ്റ്ററിലുണ്ട്. റജിസ്റ്ററില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ബിഷപ്പിനെ വിളിച്ചം വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചത്.

വൈദ്യപരിശോധന റിപ്പോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു. ഇത് കൂടാതെ ബിഷപ്പ് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രിയുടെ ഫോണും പരിശോധിക്കും. കന്യാസ്ത്രിയുടെ രഹസ്യമൊഴിയും ബിഷപ്പിന്റെ അറസ്റ്റില്‍ നിര്‍ണായകമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top