സംസ്ഥാന പോലീസ് മേധാവി നിയമനം സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയോ? ഇനിയെന്ത്?

സുപ്രിംകോടതി

ദില്ലി: സംസ്ഥാന പോലീസ് മേധാവി ആയി യുപിഎസ്‌സി തയ്യാറാക്കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്ന് നിയമനം നടത്തണം എന്ന് 2006 ല്‍ പ്രകാശ് സിംഗ് കേസില്‍ അക്കാലത്ത് ചീഫ് ജസ്റ്റിസ് ആയിരുന്ന വൈകെ സബര്‍വാള്‍ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് വിധിച്ചിരുന്നു. പോലീസ് സേനയുടെ നവീകരണത്തിനായി പ്രകാശ് സിംഗ് കേസില്‍ സുപ്രിം കോടതി മുന്നോട്ടുവച്ച ഏഴു നിര്‍ദേശങ്ങളില്‍ രണ്ടാമത്തെ നിര്‍ദേശം ആയിരുന്നു യുപിഎസ്‌സി തയ്യാറാക്കുന്ന പാനലില്‍ നിന്ന് നിയമനം നടത്തണം എന്ന വ്യവസ്ഥ.

യുപിഎസ്‌സി എങ്ങനെ പാനല്‍ തയ്യാറാക്കണം എന്നും 2006 ലെ വിധിയില്‍ സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥന്റെ സേവന കാലാവധി, ഔദ്യോഗികകാലത്തേ സേവനം, സേനയെ നയിക്കാനുള്ള ഭരണ പരിചയം എന്നിവ കണക്കിലെടുത്ത് വേണം പാനല്‍ തയ്യാറാക്കേണ്ടത്. ഒരിക്കല്‍ സംസ്ഥാന പോലീസ് മേധാവി ആയി തെരഞ്ഞെടുത്താല്‍ രണ്ട് വര്‍ഷത്തെ സേവന കാലാവധി ഉറപ്പ് വരുത്തണം എന്നും സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം ക്രിമിനല്‍ കേസുകളിലും മറ്റും ശിക്ഷിക്കപെട്ടാല്‍ സംസ്ഥാന സുരക്ഷാ കമ്മിഷനുമായി കൂടി ആലോചിച്ച് പോലീസ് മേധാവിയെ നീക്കാവുന്നത് ആണെന്നും സുപ്രിം കോടതി വിധിച്ചിരുന്നു.

എന്നാല്‍ സംസ്ഥാന പോലീസ് മേധാവി നിയമനത്തിന് യുപിഎസ്‌സി തയ്യാറാക്കിയ പാനലിനെ ആശ്രയിച്ചത് കേവലം അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമാണ്. കര്‍ണാടകം, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണിവ. പ്രകാശ് സിംഗ് കേസിലെ വിധിക്ക് ശേഷം കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും സംസ്ഥാന പോലീസ് മേധാവി നിയമനം ഉള്‍പ്പടെ ഉള്ളവയ്ക്ക് പ്രത്യേക നിയമ നിര്‍മ്മാണം നടത്തിയിരുന്നു. എന്നാല്‍ ഈ നിയമങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി സംബന്ധിച്ച വ്യവസ്ഥകള്‍ സുപ്രിം കോടതി മരവിപ്പിച്ചു. സുപ്രിം കോടതി ഉത്തരവോടെ കേരള പൊലീസ് നിയമത്തിലെ 18 (2) , 97 (2) വകുപ്പുകളാണ് മരവിപ്പിക്കപ്പെട്ടത്.

ഇതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇനി സംസ്ഥാന പോലീസ് മേധാവിയെ യുപിഎസ്‌സി തയ്യാര്‍ ആക്കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമിക്കാന്‍ സാധിക്കുകയുള്ളു. സുപ്രീം കോടതി ഇന്ന് പുറപ്പടിവിച്ച മാര്‍ഗ്ഗ രേഖ പ്രകാരം നിലവില്‍ ഉള്ള സംസ്ഥാന പോലീസ് മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതുതായി നിയമനത്തിന് അര്‍ഹത ഉള്ളവരുടെ പട്ടിക സംസ്ഥാന സര്‍ക്കാരുകള്‍ യുപിഎസ്‌സിക്ക് കൈമാറണം.

പ്രകാശ് സിംഗ് കേസിലെ 2006 ലെ വിധിയുടെ അടിസ്ഥാനത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ സേവന കാലാവധി, ഔദ്യോഗികകാലത്തെ സേവനം, സേനയെ നയിക്കാനുള്ള ഭരണ പരിചയം എന്നിവ കണക്കില്‍ എടുത്ത് യു പി എസ് സി മൂന്ന് പേര് അടങ്ങുന്ന ഒരു പാനല്‍ തയ്യാര്‍ ആക്കണം. യോഗ്യത ഉള്ള പരമാവധി പേരുകളില്‍ നിന്നാകണം യുപിഎസ്‌സി പട്ടിക തയ്യാറാകേണ്ടത് എന്നും സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ പാനലില്‍ നിന്ന് അടിയന്തിരമായി ഒരാളെ സംസ്ഥാന പോലീസ് മേധാവി ആയി നിയമിക്കണം. ഒരു സംസ്ഥാനവും താത്കാലികമായി ഡിജിപിയെ നിയമിക്കാന്‍ പാടില്ല എന്നും സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവിയായി നിയമിതനാകുന്ന വ്യക്തിക്ക് രണ്ട് വര്‍ഷത്തെ സേവനകാലാവധി ഉറപ്പ് വരുത്താനുള്ള ശ്രമം ഉണ്ടാകണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വിരമിക്കല്‍ തിയതി കഴിഞ്ഞാല്‍ സേവനം തുടരുന്നത് ഒരു നിശ്ചിത കാലയളവില്‍ക്കേ കാണാവൂ എന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. വിരമിക്കല്‍ തിയ്യതി അടുത്തവരെ സംസ്ഥാന പോലീസ് മേധാവി ആയി നിയമിക്കരുത് എന്നും സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സുപ്രിം കോടതിയുടെ പുതിയ മാര്‍ഗ്ഗ രേഖയെ കേരളം ഉള്‍പ്പടെ പോലീസ് ആക്ട് പാസ്സാക്കിയ സംസ്ഥാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യും എന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ക്രമസമാധാന പാലനവും പോലീസും ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ അധികാരത്തില്‍ വരുന്ന വിഷയങ്ങള്‍ ആണെന്ന നിലയില്‍. കോടതി തങ്ങളുടെ ഉത്തരവില്‍ ഭേദഗതി വരുത്തിയില്ല എങ്കില്‍ സ്വാഭാവികമായും പോലീസ് മേധാവി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്ള മേല്‍കൈ നഷ്ടമാകും.

DONT MISS
Top