പിഎന്‍ബി തട്ടിപ്പ്: പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിം കോടതി

ദില്ലി: പ്രമുഖ രത്നവ്യാപാരി നീരവ് മോദി മുഖ്യപ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രിം കോടതി തള്ളി. അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്.

വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും എതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും അറ്റോര്‍ണി വ്യക്തമാക്കി. വെറും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുതാത്പര്യഹര്‍ജി ഫയല്‍ ചെയ്യുന്നത് പൊതുതാത്പര്യ ഹര്‍ജികള്‍ക്ക് തന്നെ മോശം പേര് നല്‍കും എന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം പിഎന്‍ബി തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി നീരവ് മോദിക്കായി ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. നീരവിന്റെ സഹോദരന്‍ നിഷാല്‍ മോദി, നീരവിന്റെ കമ്പനി എക്‌സിക്യൂട്ടീവ് സുഭാഷ് പരബ് എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 13,000 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും നടത്തിയത്.

DONT MISS
Top