ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികപീഡനം: ഒരു വൈദികന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

പ്രതീകാത്മക ചിത്രം

കോട്ടയം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഓര്‍ത്തഡോക്‌സ് വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാദര്‍ എബ്രഹാം വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. എബ്രഹാം വര്‍ഗീസ് ഉള്‍പ്പടെ നാല് വൈദികര്‍ക്കെതിരെ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ എഫ്‌ഐആര്‍ തിരുവല്ല മജിസ്‌ടേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്. ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദര്‍ ജോണ്‍സണ്‍ വി മാത്യു, ഫാദര്‍ ജോബ് മാത്യു എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് വൈദികര്‍. ഇടവക വികാരിയായിരുന്ന എബ്രഹാം വര്‍ഗീസ് 16 വയസ്സ് മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാദര്‍ ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഈ വിവരം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നല്‍കി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ജോണ്‍സണ്‍ വി മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. വീടുകളിലും ആഢംബര ഹോട്ടലുകളിലും വച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാദര്‍ ജെയ്‌സ് കെ ജോര്‍ജിന് മുന്നില്‍ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഈ വൈദികനും പീഡിപ്പിച്ചു. ഹോട്ടലിന്റെ ബില്‍ നല്‍കാന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഏഴരപവന്‍ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേട് വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഹോട്ടല്‍ ബില്‍ ഇമെയിലില്‍ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭര്‍ത്താവ് അറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവ് തന്നെ വീട്ടിലേക്ക് മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി.

യുവതിയുടെ 164 പ്രകാരമുള്ള മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.പി സാബുമാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

DONT MISS
Top