ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കം; ആദ്യ ട്വന്റി20 ഓള്‍ഡ്ട്രാഫോര്‍ഡില്‍

ഓള്‍ഡ്ട്രാഫോര്‍ഡ്: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കമാകും. ട്വന്റി20 പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

തുല്യശക്തികളുടെ പോരാട്ടമായാണ് പരമ്പരയെ വിലയിരുത്തുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഇരു ടീമുകളും ശക്തരാണ്. ഓസ്‌ട്രേലിയയെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ തൂത്തുവാരി വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യ അയര്‍ലന്റിനെതിരായ രണ്ട് മത്സരങ്ങളുടെ ട്വന്റി20 പരമ്പര തൂത്തുവാരി.

കുട്ടിക്രിക്കറ്റില്‍ ഇരുടീമുകളും ഇതുവരെ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ആറ് തവണയും വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന മൂന്ന് കളികളിലും ഇംഗ്ലണ്ടിനായിരുന്നു വിജയം.

അയര്‍ലന്റിനെതിരായ പരമ്പരയില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റം ഇന്ത്യ വരുത്താന്‍ സാധ്യതയില്ല. ഓപ്പണിംഗില്‍ ധവാനും രോഹിതും തുടരും. കഴിഞ്ഞ കളിയില്‍ അര്‍ദ്ധ സെഞ്ച്വറിയടിച്ച രാഹുലും മുന്‍നിരയില്‍ ഉണ്ടാകും. മധ്യനിരയില്‍ കോഹ്‌ലി, റെയ്‌ന, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ധോണി, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരും ഉണ്ടാകും. അതേസമയം, ബൗളിംഗില്‍ വജ്രായുധമായ ജസ്പ്രീത് ബൂമ്‌റയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.

മറുവശത്ത് അപാരഫോമിലാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അലക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍ സ്‌റ്റോ, ജേസണ്‍ റോയ്, മോര്‍ഗന്‍ എന്നിവര്‍ തകര്‍ത്താടിയ പരമ്പരയാണ് കടന്നുപോയത്. ഒപ്പം പ്ലങ്കറ്റ്, ജോര്‍ദാന്‍, ആദില്‍ റഷീദ്, മൊയീന്‍ അലി എന്നിവരടങ്ങിയ ബൗളിംഗ് നിരയും വെല്ലുവിളി ഉയര്‍ത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top