ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരാ ലൈംഗികാരോപണം: നാല് കന്യാസ്ത്രീമാരുടെ മൊഴി രേഖപ്പെടുത്തി

ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ മഠത്തിലെ നാല് കന്യാസ്ത്രീമാരുടെ മൊഴികൂടി അന്വേഷണസംഘം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് കന്യാസ്ത്രീ പറഞ്ഞുള്ള അറിവ് തങ്ങള്‍ക്കുണ്ടെന്ന് നാല് പേരും മൊഴിയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നതായി പരാതിക്കാരി ഇന്നലെ മൊഴി നല്‍കിയിരുന്നു. അതിനിടെ കന്യാസ്ത്രീയുടെ പരാതി ചര്‍ച്ച ചെയ്യാന്‍ ജലസന്ധര്‍ രൂപതയിലെ വൈദികര്‍ ഇന്നു യോഗം ചേര്‍ന്നു.

കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തിയാണ് നാല് പേരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ഇരയായ കന്യാസ്ത്രീ പറഞ്ഞുള്ള അറിവേ തങ്ങള്‍ക്കുള്ളുവെന്ന് നാല് പേരും വൈക്കം ഡിവൈഎസ്പിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ഇനി രണ്ട് പേരുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്. അതിന് ശേഷമാകും ആരോപണവിധേയനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുക.

സംഭവവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ ഇന്നലെ മൊഴി നല്‍കിയിരുന്നു. പരാതി നല്‍കിയപ്പോള്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കയ്യൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഇത്തരമൊരു പരാതി നല്‍കിയത് . ആരോപണ വിധേയനായ ബിഷപ് ലത്തീന്‍ പ്രതിനിധിയായതിനാല്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു കര്‍ദിനാളിന്റെ നിലപാട്. തുടര്‍ന്ന് മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധിക്ക് ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയത്.

അതേസമയം, ബിഷപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായും കന്യാസ്ത്രീ പറഞ്ഞു. ഇതുചൂണ്ടിക്കാട്ടി വീണ്ടും പൊലീസിന് പരാതി നല്‍കി. അതിനിടെ കന്യാസ്ത്രീ നല്‍കിയ പരാതിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജലന്ധര്‍ രൂപതയിലെ വൈകരുടെ യോഗം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിളിച്ചു ചേര്‍ത്തു. യോഗത്തിന്‍ ബിഷപ്പിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായാണ് സൂചന.

DONT MISS
Top