ലൈംഗിക പീഡനം: നാല് വൈദികര്‍ക്കെതിരെ കേസെടുത്തു

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വൈദികരായ എബ്രഹാം വര്‍ഗീസ് (സോണി), ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു, ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെയാണ് യുവതിയുടെ ഭര്‍ത്താവ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇരയായ യുവതിയുടെയും പരാതിക്കാരനായ ഭര്‍ത്താവിന്റെയും മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന് മുന്നില്‍ യുവതി പരാതി ആവര്‍ത്തിച്ചു. തുടര്‍ന്നാണ് നാല് വൈദികര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

നിരണം, തുമ്പമണ്‍, ദില്ലി ഭദ്രാസനങ്ങളിലായുള്ള അഞ്ച് വൈദികര്‍ പീഡിപ്പിച്ചെന്ന് കാട്ടി വീട്ടമ്മയുടെ ഭര്‍ത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനൊപ്പം വീട്ടമ്മയുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികരെ ഇടവക ചുമതലകളില്‍നിന്ന് താത്കാലികമായി മാറ്റിയതും അന്വേഷണം പ്രഖ്യാപിച്ചതും. മേയ് 15 ന് മൂന്ന് ഭദ്രാസനങ്ങളിലും പരാതി അന്വേഷിക്കാന്‍ കമ്മീഷനുകളെ നിയമിച്ചു. ഒന്നരമാസം പിന്നിട്ടിട്ടും യുവതിയുടെ വാദം കേള്‍ക്കാനും മൊഴിയെടുക്കാനും തയ്യാറായിട്ടില്ല. യുവതി എഴുതി നല്‍കിയ സത്യപ്രസ്താവന മാത്രമാണ് കമ്മീഷന് മുമ്പിലുള്ളത്. യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സഭാ നേതൃത്വത്തിന്റെ വാദം.

ഇതിനിടെ തനിക്കെതിരെയുള്ള പരാതി കെട്ടി ചമച്ചതെന്ന് കാട്ടി ഓര്‍ത്തഡോക്‌സ് വൈദികന്‍ ഡിജിപിക്ക് പരാതി നല്‍കി. ജോണ്‍സണ്‍ വി മാത്യുവാണ് പരാതി നല്‍കിയത്. നുണ പരിശോധനയ്ക്ക് തയാറാണെന്നും വൈദികന്‍ അറിയിച്ചു. ഇയാളുമായി സെക്‌സ് ചാറ്റിംഗില്‍ ഏര്‍പ്പെട്ടെന്നും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യ്‌തെന്നുമാണ് യുവതിയുടെ സത്യവാങ്ങ്മൂലത്തിലുള്ളത്.

2018 മാര്‍ച്ച് ഏഴിനാണ് യുവതി സത്യപ്രസ്താവന ഭര്‍ത്താവിന് എഴുതി നല്‍കുന്നത്. ഏഴോളം സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രസ്താവന തയാറാക്കിയത്. മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി ഇവര്‍ നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാള്‍ വഴി മറ്റുവൈദികര്‍ ഇതറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു. വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു, ജിജോ ജെ എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റുനാലുപേരും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പറയുന്നു.

അതേസമയം, സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ യുവതിയും ഭര്‍ത്താവും തയ്യാറായിട്ടില്ല. സംഭവത്തില്‍ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എസ്പി സാബു മാത്യുവാണ് കേസ് അന്വേഷിക്കുന്നത്.

DONT MISS
Top