ബിഷപ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി; പരാതി ഉണ്ടെങ്കില്‍ത്തന്നെ അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നും ആലഞ്ചേരി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പരാതി ശ്രദ്ധയില്‍ പെട്ടിട്ടില്ല. പരാതി ഉണ്ടെങ്കില്‍ തന്നെ അത് ജലന്ധര്‍ രൂപതയാണ് അന്വേഷിക്കേണ്ടത്. അതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു.കേസില്‍ കന്യാസ്ത്രിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ജലന്ധറിന് തിരിക്കും

പരാതി ലഭിച്ചിട്ടില്ലന്ന് കര്‍ദ്ദിനാള്‍ പറയുമ്പോഴും പരാതി നല്‍കിയെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇരയായ കന്യാസ്ത്രി. ഇവരുടെ വിശധമായ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഞ്ചര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനിടെ കര്‍ദിനാളിന് പരാതി നല്‍കിയിരുന്നെന്ന് കന്യാസ്ത്രീ പറഞ്ഞു. 2014ലാണ് പീഡനം തുടങ്ങിയത്. ഓരോ മാസം ഇടവിട്ട് മഠത്തില്‍ എത്തിയ ബിഷപ് തന്നെ രണ്ടു വര്‍ഷത്തോളം 13 തവണ പീഡിപ്പിച്ചു.

കുറുവിലങ്ങാട് പള്ളി വികാരിയെ കാണാന്‍ പോകുമ്പോള്‍ 2016ലാണ് കര്‍ദിനാളിന് പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും വത്തിക്കാന് പരാതി നല്‍കാനും കര്‍ദിനാള്‍ പറഞ്ഞതായും കന്യാസ്ത്രീ മൊഴി നല്‍കി. കര്‍ദിനാള്‍ പറഞ്ഞതനുസരിച്ച് ഇ മെയില്‍ വഴി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ് മഠത്തില്‍ താമസിച്ചിരുന്നുവെന്നതന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മഠത്തിലെ രജിസ്റ്റര്‍ രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

കൂടാതെ, കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴിക്ക് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. വനിതാ ജഡ്ജിക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്തണമെന്നാണ് അപേക്ഷ. രഹസ്യമൊഴി കിട്ടിയ ശേഷം മാത്രമേ ജലന്ധറിലെത്തി അന്വേഷണം നടത്തൂവന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top