അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിന് നല്‍കിയ സംഭാവനകളെ അവഗണിക്കരുത്: ശിവസേന

സഞ്ജയ് റൗട്ട്

മുംബൈ: ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന കാരണം കൊണ്ട് ഇന്ദിരാ ഗാന്ധി രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എംപി സഞ്ജയ് റൗട്ടാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 1977 ല്‍ അടിയന്താവസ്ഥ പിന്‍വലിച്ച്  തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത് ഇന്ദിരാ ഗാന്ധി തന്നെയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുകായിരുന്നു എന്നും സഞ്ജയ് റൗട്ട് പറയുന്നു.

ദേശീയ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാ ഗാന്ധി, സര്‍ദാര്‍  പട്ടേല്‍, രാജേന്ദ്ര പ്രസാദ്, അംബേദ്കര്‍, നേതാജി ബോസ്, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ സംഭാവനകളെ അവഗണിക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്നും മുഖപത്രം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് ഇന്ദിരാഗാന്ധിയുടെ സംഭാവനകളെ ഒഴിവാക്കാന്‍ സാധിക്കില്ല. സാഹചര്യങ്ങള്‍ അനുസരിച്ച് എല്ലാ സര്‍ക്കാരുകള്‍ക്കും ഇത്തരത്തിലുള്ള ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരും. എന്നാല്‍ അത് തെറ്റാണോ ശരിയാണോ എന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക എന്നും റൗട്ട് ചോദിക്കുന്നു.

അടിയന്തരാവസ്ഥയെ കറുത്ത ദിനമായാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള ഒരുപാട് കറുത്ത ദിനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തി ദിവസവും കറുത്ത ദിനമാണ്. ഇത് രാജ്യത്ത് സാമ്പത്തിക അരാജകത്വമാണ് സൃഷ്ടിച്ചത്. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ നിരവധിപ്പേര്‍ക്ക് ദിവസങ്ങളോളം ജോലി നഷ്ടപ്പെട്ടു എന്നും റൗട്ട് പറഞ്ഞു.

അടിയന്തരാവസ്ഥ കാലത്ത് ഉദ്യോഗസ്ഥര്‍ എല്ലാവരും തന്നെ കൃത്യസമയത്ത് ഓഫീസുകളില്‍ എത്തിയിരുന്നു. അധോലോക നേതാക്കളായ ഹാജി മസ്താന്‍, കരീം ലാല, യൂസഫ് പട്ടേല്‍ തുടങ്ങിയവരെ ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ ഇന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സി, വിജയ് മല്ല്യയും ഒക്കെ തട്ടിപ്പ് നടത്തി രാജ്യ വിടുകയാണെന്നും റൗട്ട് കുറ്റപ്പെടുത്തി.

DONT MISS
Top