തിരുവമ്പാടി സ്റ്റേഷനില്‍ പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടി; എസ്‌ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്

മുക്കം: തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസ് പ്രതികളും തട്ടിക്കൊണ്ട് പോവല്‍ കേസിലെ പ്രതിയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്. പ്രതികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് പരുക്കേറ്റത്.

കൂടരഞ്ഞി പഞ്ചായത്തോഫീസില്‍ പോയി തന്റെ ബൈക്കില്‍ തിരിച്ചു വരികയായിരുന്ന ജാലിം എന്ന യുവാവിനെ രണ്ട് ദിവസം മുന്‍പ് ഒരാള്‍ ബൈക്കിന് കൈ കാണിച്ച് നിര്‍ത്തുകയും ബൈക്കിന്റെ പിറകില്‍ കയറി ചവല പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മറ്റൊരാളോടൊപ്പം ചേര്‍ന്ന് കൈകള്‍ പിറകിലേക്ക് കെട്ടിയിട്ട് കയ്യിലുണ്ടായിരുന്ന പണവും ബൈക്കും മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു മോഷണശ്രമം. ഇതിനിടയില്‍ ഓടി രക്ഷപ്പെട്ട ജാലിം പ്രദേശത്തെ ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജാലിമിന്റെ പരാതിയില്‍ തിരുവമ്പാടി പോലീസ് ബര്‍ണാഡ്, ലിന്‍ റോ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടയിലാണ് അയല്‍വാസിയായ ഭര്‍തൃമതിയായ യുവതിയെയും കൊണ്ട് മുങ്ങിയ ആനക്കാം പൊയിന്‍ സ്വദേശിയും പോലീസ് നിര്‍ദേശ പ്രകാരം സ്റ്റേഷനിലെത്തിയത്. ജാലിമിനെ അക്രമിച്ച കേസിലെ പ്രതികളും തട്ടിക്കൊണ്ട് പോവല്‍ കേസിലെ പ്രതിയും തമ്മിലുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പിടിച്ചു മാറ്റാനെത്തിയ എസ്‌ഐ സനല്‍രാജ്, പൊലീസുകാരനായ അനീസ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇവര്‍ താമരശേരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ബര്‍ണാഡും ലിന്റോയും കഞ്ചാവ് കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.

DONT MISS
Top