പീഡനപരാതി: കന്യാസ്ത്രീയുടെ മൊഴിയെടുത്തു, ബിഷപ്പിനെ ചോദ്യം ചെയ്യും

ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി കന്യാസ്ത്രീ വ്യക്തമാക്കി.

പരാതിയില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ കന്യാസ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. രഹസ്യമൊഴിയെടുക്കാന്‍ അനുമതി തേടുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

ലൈംഗികാരോപണത്തില്‍ ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ഇതിനായി അന്വേഷണസംഘം ജലന്ധറിലേക്ക് പോകും. കന്യാസ്ത്രിയുടെ വൈദ്യപരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പരാതി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നാണ് സൂചന.

ഇതിനിടെ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തില്‍ വത്തിക്കാന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജംബസ്തി ദ്വദിഗ് വാദ്രേയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ സമതി ആരോപണത്തിന്റെ നിജസ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ലത്തീന്‍ അല്‍മായ നേതാക്കള്‍ സിസിബിഐക്കും വത്തിക്കാന്‍ സ്ഥാനപതിക്കും കത്തയച്ചു.

2014 മുതല്‍ 2016 വരെ പതിമൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ മദര്‍ സുപ്പീരിയര്‍ ആയിരുന്ന കന്യാസ്ത്രീയുടെ പരാതി. ബിഷപ്പിനെതിരെ സഭാ നേതൃത്വത്തിന് ഒരു വര്‍ഷം മുന്‍പ് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണ് പീഡന പരാതിയെന്നാണ് ബിഷപ്പിന്റെ വിശദീകരണം. ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി കന്യാസ്ത്രീക്കും സഹോദരങ്ങള്‍ക്കുമെതിരെ ബിഷപ്പ് ഡിജിപിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

DONT MISS
Top