ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണം; വത്തിക്കാന്‍ റിപ്പോര്‍ട്ട് തേടി

ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണം സംബന്ധിച്ച് വത്തിക്കാന്‍ റിപ്പോര്‍ട്ട് തേടി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജംബസ്തി ദ്വ ദിഗ് വാദ്രേയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ സമതി സിസിബിഐ റിപ്പോര്‍ട്ട് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറി.

അന്വേഷണം പൂര്‍ത്തിയാകുന്ന വരെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ലത്തീന്‍ അല്‍മായ നേതാക്കള്‍ സിസിബിഐക്കും വത്തിക്കാന്‍ സ്ഥാനപതിക്കും കത്തയച്ചിരുന്നു.

ബിഷപ്പിനെതിരായ പീഡനപരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീയുടെ മൊഴി വൈക്കം ഡിവൈഎസ്പി രേഖപ്പെടുത്തിയിരുന്നു. സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതാണ് നിയമ നടപടികളിലേക്ക് നീങ്ങാന്‍ കാരണമെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. പീഡന പരാതിയില്‍ പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് വ്യക്തമാക്കിയ കന്യാസ്ത്രീ കാര്യങ്ങള്‍ അറിയിക്കേണ്ടെവരെ അറിയിച്ചതായി പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭാ നേതൃത്വത്തിന് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. പകരം പരാതി സഭയ്ക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്നാണ് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ നിലപാട്. 2014 മെയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പിന്നീട് പലതവണ കുറവിലങ്ങാട്ടെ മഠത്തിന് സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച ബിഷപ്പ് അച്ചടക്ക നടപടിയെടുത്തതിനുള്ള വൈരാഗ്യമാണ് പരാതിയെന്ന് വ്യക്തമാക്കി. രണ്ടു പരാതികളും ഗൗരവമായാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ പൊലീസ് ഉദ്യോഗസ്ഥര്‍ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കാനും പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top