ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായി, അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളില്ല: മോഹന്‍ലാല്‍

മോഹന്‍ലാല്‍

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത് ഏകകണ്ഠമായാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ഈ വിഷയത്തില്‍ അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളോ നിലപാടോ ഇല്ലെന്നും മോഹന്‍ ലാല്‍ പറഞ്ഞു. കത്തിലൂടെയാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞ് കൊണ്ടുതന്നെയാണ് സംഘടന ഇക്കാലമത്രയും നിലനിന്നതും നിലനില്‍ക്കുന്നതും. ജൂണ്‍ 24 ന് ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നുവന്ന വികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തിനൊപ്പം നില്‍ക്കുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദയാണ് നേതൃത്വം കൈക്കൊണ്ടത്.

അംഗത്വം സംബന്ധിച്ച് പൊതുയോഗം കൈക്കൊണ്ട തീരുമാനം ദിലീപിനെ ഔദ്യോഗികമായി അറിയിക്കുക പോലും ചെയ്തിട്ടില്ല. അതിന് മുന്‍പ് തന്നെ അമ്മയ്‌ക്കെതിരെ മാധ്യമങ്ങള്‍ അതൊരു ആയുധമായി പ്രയോഗിച്ച് തുടങ്ങി. സത്യമെന്തെന്ന് അറിയുന്നതിന് മുന്‍പ് തന്നെ നമ്മള്‍ ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. സമൂഹത്തില്‍ ഉയര്‍ന്നുവന്ന എല്ലാ വിമര്‍ശനങ്ങളും പൂര്‍ണമനസോടെ ഉള്‍ക്കൊള്ളുന്നു.

ജനറല്‍ ബോഡി യോഗത്തിലെ തീരുമാനത്തെ എതിര്‍ത്ത് യോഗത്തില്‍ പങ്കെടുക്കാത്ത ചിലര്‍ സംഘടനയില്‍ നിന്ന് പുറത്തുപോകുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തിന് പുറകിലെ വികാരങ്ങള്‍ പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണ്. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം. പുറത്തുനിന്ന് അഴുക്ക് വാരിയെറിയുന്നവര്‍ അത് ചെയ്യട്ടെ. സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ അവഗണിക്കാം. കത്തില്‍ പറയുന്നു.

സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്, അതുമാത്രം ഓര്‍ക്കുക എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top