നടിമാര്‍ക്കെതിരായ തന്റെ ശബ്ദരേഖ ചോര്‍ന്നത് ‘അമ്മ’യില്‍ നിന്ന് തന്നെ; അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗണേഷ്‌കുമാര്‍

ഗണേഷ് കുമാര്‍ 

തിരുവനന്തപുരം: ‘അമ്മ’യില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി താന്‍ നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ന്നത് ‘അമ്മ’യില്‍ നിന്നുതന്നെയാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റുകൂടിയായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. ഫോണ്‍ സംഭാഷണം താന്‍ നടത്തിയതുതന്നെയാണ്. ഇത് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് കിട്ടിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് അമ്മ ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു.

‘അമ്മ’യില്‍ ദിലീപിനെ തിരികെയെടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പ്രതിഷേധമറിയിച്ച് നാല് നടിമാര്‍ രാജിവച്ചതിന് പിന്നാലെ ഇടവേള ബാബുവുമായി ഗണേഷ്‌കുമാര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നടിമാര്‍ പുതിയ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുന്നത് നന്നായെന്ന് ഗണേഷ് പറയുന്നു. സോഷ്യല്‍ മീഡിയയും മാധ്യമങ്ങളുമൊക്കെ നടത്തുന്ന എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും സംഭാഷണത്തില്‍ ഗണേഷ് പറയുന്നു. ഇതെല്ലാം രണ്ടു ദിവസം കഴിയുമ്പോള്‍ കെട്ടടങ്ങും. ചാനലുകാരെയും പത്രക്കാരേയും സംബന്ധിച്ച്‌ മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച്‌ ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗിക്കും. ഏത് പ്രസ്ഥാനമായും ആരായാലും കുഴപ്പില്ല. അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിക്കുന്നു.

പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ അമ്മ ഒരു രാഷ്ട്രീയ സംഘടനയുമല്ല. അതുകൊണ്ട് ഇമേജ് നോക്കി പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണെന്നും ഗണേഷ് പറയുന്നു. രാജിവച്ചവര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേഷ് കുറ്റപ്പെടുത്തുന്നു.

രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത് അവരുടെ പേരും ചിത്രവും വരുന്നതിനാണ്. അമ്മയ്‌ക്കെതിരെ പ്രതികരിച്ച്‌ കൈയടി നേടാന്‍ വേണ്ടിയാണ്. ഇപ്പോള്‍ വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരു പണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. അവര്‍ പലതും പറഞ്ഞുവരും. ഇവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുമില്ല. നമ്മള്‍ ഇതിനു മറുപടി കൊടുക്കരുത്. ദയവുചെയ്ത് ഇതിന് കൈ കൊടുക്കരുത്.

നടിമാര്‍ രാജിവച്ച്‌ പോയതില്‍ അമ്മയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്. അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ അവര്‍ക്ക് സംഘടനയെ വേണ്ടത്തതിനാലാണ്. അമ്മ നടത്തിയ മെഗാഷോയില്‍ പോലും അവര്‍ സഹകരിച്ചിട്ടില്ല. ഇവര്‍ ഒരു കാര്യത്തിലും സഹകരിക്കാറില്ലെന്നും ഗണേഷ് പറയുന്നു.

DONT MISS
Top