അമ്മയുടെ സംഘടനാ തെരഞ്ഞെടുപ്പ് സുതാര്യമല്ല, ഇപ്പോഴുള്ളത് മുന്‍കൂട്ടി തീരുമാനിച്ച നോമിനികള്‍: പാര്‍വതി, പത്മപ്രിയ

താരസംഘടനയായ അമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടിമാരായ പാര്‍വതിയും പത്മപ്രിയയും രംഗത്ത്. അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് നടി പാര്‍വതിയെ പിന്തിരിപ്പിച്ചെന്നും ഇപ്പോഴത്തെ ഭരണസമിതി മുന്‍കൂട്ടി തെരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടും നോമിനികളാണെന്നും പാര്‍വതിയും പത്മപ്രിയയും കുറ്റപ്പെടുത്തുന്നു.

എന്ത് അടിസ്ഥാനത്തിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നതെന്ന് വ്യക്തമല്ല. രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയ്ക്ക് പുറത്തായിരിക്കും എന്ന കാരണം പറഞ്ഞ് പാര്‍വതി തിരുവോത്തിനെ നോമിനേഷന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. അപേക്ഷ നല്‍കിയ മറ്റ് രണ്ട് അംഗങ്ങള്‍ വോട്ടും പിന്തുണയും ആവശ്യപ്പെട്ട് അമ്മ അംഗങ്ങള്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ ഈ രണ്ട് സ്ഥാനാര്‍ത്ഥിത്വങ്ങള്‍ക്ക് അതിന് ശേഷം എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല. സംഘടനയില്‍ നിലനില്‍ക്കുന്ന സുതാര്യതക്കുറവ് തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണമായും മനസിലാക്കുന്നതിന് തടസമാകുന്നെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലുള്ള പരാതി പരിഹാര സംവിധാനത്തിന് നിയതമായ രൂപമില്ല. ഒരുക്കല്‍ ഒരംഗം മറ്റൊരംഗത്തെ വംശീയമായി അധിക്ഷേപിച്ചെന്ന് പരാതിപ്പെട്ടു. അന്ന് ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ഒരവസരത്തില്‍ കമ്മറ്റി ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീര്‍ത്തു. ഇങ്ങനെ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ പലരീതിയിലാണ് പരിഹരിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിലുള്ള എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ശുചിമുറികള്‍ വേണമെന്ന് പാര്‍വതി അമ്മയില്‍ ആവശ്യം ഉന്നയിച്ചു. ഇത് നടപ്പിലാക്കാന്‍ അംഗങ്ങളുടെ ഭൂരിപക്ഷവോട്ട് വേണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. 150 ഓളം അംഗങ്ങളോട് നേരിട്ട് പോയി വോട്ട് ചോദിക്കുകയേ മാര്‍ഗമുള്ളൂ. ഇത് പാര്‍വതി ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. ഒടുവില്‍ ഭൂരിപക്ഷവും അനുകൂലമായാണ് പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ എടുക്കുന്ന നിലപാടുകള്‍ സംഘടനയുടെ ധാര്‍മികത സംബന്ധിച്ച ഗൗരവമായ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ ഉത്തരവാദിത്വം അമ്മയിലെ ഓരോ അംഗങ്ങള്‍ക്കുമുണ്ട്. ഇരുവരും ചൂണ്ടിക്കാട്ടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top