ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കന്യാസ്ത്രീ

ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി കന്യാസ്ത്രീ. കന്യാസ്ത്രീയുടെ മൊഴി വൈക്കം ഡിവൈഎസ്പി ഇന്നു വീണ്ടും രേഖപ്പെടുത്തും. സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതാണ് നിയമ നടപടികളിലേക്ക് നീങ്ങാന്‍ കാരണമെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്നാണ് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ നിലപാട്.

പീഡന പരാതിയില്‍ പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് വ്യക്തമാക്കിയ കന്യാസ്ത്രീ കാര്യങ്ങള്‍ അറിയിക്കേണ്ടെവരെ അറിയിച്ചതായി പറഞ്ഞു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭാ നേതൃത്വത്തിന് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. പകരം പരാതി സഭയ്ക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

2014 മെയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പിന്നീട് പലതവണ കുറവിലങ്ങാട്ടെ മഠത്തിന് സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച ബിഷപ്പ് അച്ചടക്ക നടപടിയെടുത്തതിനുള്ള വൈരാഗ്യമാണ് പരാതിയെന്ന് വ്യക്തമാക്കി. രണ്ടു പരാതികളും ഗൗരവമായാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ പൊലീസ് ഉദ്യോഗസ്ഥര്‍ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കാനും പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top