ഇനി രണ്ടിലൊന്ന് മാത്രം: ഫ്രാന്‍സ്-അര്‍ജന്റീന, ഉറുഗ്വെ-പോര്‍ച്ചുഗല്‍ പോരാട്ടങ്ങള്‍ ഇന്ന്

മോസ്‌കോ: റഷ്യയില്‍ ഇന്ന് രണ്ടില്‍ ഒന്ന് അറിയാനുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കമാവുകയാണ്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുടെ വേദികള്‍ റഷ്യയില്‍ ഉണര്‍ന്ന് കഴിഞ്ഞു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ലോകകപ്പിലെ ആദ്യ ചാമ്പ്യന്‍മാരായ ഉറുഗ്വെ ആദ്യ കിരീടം തേടുന്ന പോര്‍ച്ചുഗലിനെ നേരിടും.

കസാനില്‍ തുല്യശക്തികളുടെ പോരാട്ടം

ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടം. എഴുതിത്തള്ളിയവരെയെല്ലാം അമ്പരപ്പിച്ചാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. ആദ്യ രണ്ട് കളികളിലും നിറം മങ്ങിയ അര്‍ജന്റീന നിര്‍ണായക മത്സരത്തില്‍ നൈജീരിയയ്‌ക്കെതിരെ ഫോമിലേക്ക് ഉയര്‍ന്നാണ് അനിവാര്യമായ ജയം സ്വന്തമാക്കിയത്. സൂപ്പര്‍താരം മെസി മത്സരത്തില്‍ ഗോളോടെ ഫോമിലേക്കെത്തിയതും ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഒരു സമനിലയും ഒരു തോല്‍വിയും ഒരു ജയവുമാണ് ആദ്യ റൗണ്ടില്‍ അര്‍ജന്റീനയുടെ ക്രെഡിറ്റിലുള്ളത്. ആദ്യ കളിലിയില്‍ ഐസ്‌ലന്റ് സമനിലയില്‍ പിടിച്ചപ്പോള്‍ (1-1) രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ തകര്‍ത്ത് വിട്ടു (3-0). നിര്‍ണായകമായ മത്സരത്തില്‍ നൈജീരയയ്‌ക്കെതിരെ (2-1) വിജയം സ്വന്തമാക്കി.

മറുവശത്ത് ഒരു മത്സരവും തോല്‍ക്കാതെയാണ് ഫ്രാന്‍സിന്റെ വരവ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെയും (2-1) രണ്ടാം മത്സരത്തില്‍ പെറുവിനെയും (1-0) തോല്‍പ്പിച്ച ഫ്രാന്‍സ് മൂന്നാം കളിയില്‍ ഡെന്‍മാര്‍ക്കുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മൂന്ന് കളികളിലും മികച്ച ടീം വര്‍ക്ക് പ്രകടമാക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും മികവ് പ്രകടിപ്പിക്കുന്നു. ജിറൗഡിനെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 എന്ന ഫോര്‍മേഷനിലാകും ഫ്രാന്‍സ് ഇന്നിറങ്ങുക.

ഫ്രാന്‍സിനെതിരെ അവസാനം കളിച്ച നാലുകളികളിലും ജയിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകകപ്പില്‍ അവസാനം കളിച്ച ഏഴ് മത്സരങ്ങളിലും തോറ്റിട്ടില്ലെന്നത് ഫ്രാന്‍സിനും ആത്മവിശ്വാസം നല്‍കുന്നതാണ്.

സോച്ചിയില്‍ റോണോയും സുവാരസും

ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയ്ക്കാണ് മത്സരം. പ്രാഥമിക ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച മൂന്ന് ടീമുകളില്‍ ഒന്നാണ് ഉറുഗ്വെ. മൂന്ന് മത്സരങ്ങളിലും ഗോളൊന്നും വഴങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രണ്ട് ജയവും ഒരു സമനിലയുമായിട്ടാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.

ഈജിപ്തിനെയും സൗദി അറേബ്യയെയും 1-0 നും ആതിഥേയരായ റഷ്യയെ 3-0 നും തകര്‍ത്താണ് ഉറുഗ്വെയുടെ കടന്നുവരവ്. അവസാന രണ്ട് മത്സരങ്ങളിലും ഗോള്‍ നേടിയ സൂപ്പര്‍താരം ലൂയി സുവാരസിന്റെ ഫോമിലാണ് ഉറുഗ്വെയുടെ പ്രതീക്ഷ. ടീം വര്‍ക്കിലും ഉറുഗ്വ മികവ് പുലര്‍ത്തുന്നു. മറുവശത്ത് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ എന്ന ഒറ്റയാന്റെ കരുത്തിലാണ് പോര്‍ച്ചുഗലിന്റെ വരവ്. ഒരു ഹാട്രിക് അടക്കം നാലു ഗോളുകള്‍ റോണോ അടിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തില്‍ റോണോയുടെ ഹാട്രിക്കാണ് സ്‌പെയിനെതിരെ സമനില (3-3) സമ്മാനിച്ചത്. രണ്ടാം മത്സരത്തില്‍ മൊറോക്കൊയ്‌ക്കെതിരെ റൊണാള്‍ഡോ നേടിയ ഏക ഗോളിനായിരുന്നു ടീമിന്റെ വിജയം. മൂന്നാം മത്സരത്തില്‍ ഇറാനോട് (1-1) സമനില വഴങ്ങേണ്ടി വന്നു. മത്സരത്തില്‍ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയത് തിരിച്ചടിയായി. ക്രിസ്റ്റ്യാനോ മങ്ങിയാല്‍ ടീം വിജയത്തിലേക്കില്ല എന്നതാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പ്രീക്വാര്‍ട്ടര്‍ പോലൊരു മത്സരത്തില്‍ ടീം വര്‍ക്ക് ഇല്ലെങ്കില്‍ പോര്‍ച്ചുഗലിന് വിജയം അകലെയാകും.

DONT MISS
Top