മധ്യപ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച എംപിയോട് രക്ഷിതാക്കള്‍ നന്ദി പറയണമെന്ന് ബിജെപി എംഎല്‍എ

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച എംപിയോട് കുട്ടിയുടെ രക്ഷിതാക്കള്‍ നന്ദി പറയണമെന്ന് ബിജെപി നേതാവ്. ബിജെപി എംഎല്‍എയായ സുദര്‍ശന്‍ ഗുപ്തയാണ് വിവാദപരാമര്‍ശം നടത്തിയത്.

മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ എട്ടുവയസ്സുകാരിയെ ബിജെപി എംപിയായ സുധീര്‍ ഗുപ്ത കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു ഇതിന് പിന്നാലെയാണ് സുദര്‍ശന്റെ പ്രതികരണം. ‘നിങ്ങള്‍ എംപിയോട് നന്ദി പറയണം. അദ്ദേഹം ഇവിടെത്തിയത് നിങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ്,’ എംഎല്‍എ രക്ഷിതാക്കളോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മധ്യപ്രദേശില്‍ എട്ടുവയസ്സുകാരി ക്രൂര പീഡനത്തിനിരയായത്. സ്‌കൂള്‍ വിട്ട് അച്ഛനെ കാത്തുനിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും, കൊലപ്പെടുത്താനായി കത്തികൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം അടങ്ങിയ വീഡിയോ പ്രചരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top