സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വിനോദ് റായി സമിതി ഇടപെടരുത്; ബിസിസിഐക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രിം കോടതയില്‍

ദില്ലി: ബിസിസിഐ താത്കാലിക ഭരണ സമിതിക്ക് എതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രിം കോടതിയില്‍. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ തെരെഞ്ഞെടുപ്പില്‍ വിനോദ് റായി സമിതി ഇടപെടരുത് എന്ന ഉത്തരവ് പുറപ്പടുവിക്കണം, ഭാരവാഹി തെരെഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളുമായാണ് കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി ജയേഷ് ജോര്‍ജ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. 2013 ലാണ് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ അവസാനമായി ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ ഭരണഘടന പ്രകാരം നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തണം.

2017 ഓഗസ്റ്റ് 20 ന് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക പൊതു യോഗം ജസ്റ്റിസ് ആര്‍എം ലോധ സമിതി ശുപാര്‍ശ ചെയ്ത പ്രകാരം ഓബുഡ്‌സ്മാനെയും ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് ഓഫീസറെയും നിയമിച്ചു. ഓംബുഡ്‌സ്മാനായി ജസ്റ്റിസ് വി രാംകുമാറിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ചത്. ഇലക്ട്രല്‍ ഓഫീസറായി സംസ്ഥാന മുന്‍ ഇലക്ട്രല്‍ ഓഫീസറും ജില്ലാ ജഡ്ജിയും ആയിരുന്ന എന്‍ മോഹന്‍ ദാസിനെയാണ് നിയമിച്ചത്. ഇതിന് ശേഷം ബിസിസിഐ താത്കാലിക സമിതി നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ ബൈലായില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക പൊതു യോഗം 2018 ഏപ്രില്‍ 24 ന് യോഗം ചേര്‍ന്ന് വരുത്തുകയും ചെയ്തു.

ഭേദഗതി വരുത്തിയതോടെ ഓരോ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം. ഈ സാഹചര്യത്തില്‍ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോയിയേഷന്‍ വിനോദ് റായി അധ്യക്ഷനായ ബിസിസിഐ താത്കാലിക ഭരണ സമിതിക്ക് കത്ത് നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു താത്കാലിക ഭരണസമിതി കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ മറുപടി.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തിനായി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ബിസിസിഐയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ ബിസിസിഐ തങ്ങളുടെ നിലപാട് പിന്നീട് മാറ്റി. ബിസിസിഐ യുടെ പുതിയ ഭരണഘടന സുപ്രിം കോടതി അംഗീകരിക്കുന്നതുവരെ തെരെഞ്ഞെടുപ്പ് പാടില്ല എന്നാണ് വിനോദ് റായി സമിതിയുടെ പുതിയ നിലപാട്. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭരണം അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കണം എന്നും വിനോദ് റായി സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

വിനോദ് റായി നേതൃത്വം നല്‍കുന്ന ബിസിസിഐ താത്കാലിക ഭരണസമിതിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി ജയേഷ് ജോര്‍ജ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്‍ കെസി രഞ്ജിത്ത് ആണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹര്‍ജി പരിഗണിക്കുക.

DONT MISS
Top