‘അമ്മ’യിലെ ഇടതുപക്ഷ നേതാക്കളെ ഒറ്റതിരിച്ച് ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണെന്നും, രാഷ്ട്രീയനിറം നോക്കിയല്ല പ്രതികരിക്കേണ്ടതെന്നും പറയുന്നതിലൂടെ സിപിഐഎം സെക്രട്ടറിയേറ്റിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്: സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നത് ദുരുദ്ദേശപരമാണെന്നും അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല പ്രതികരിക്കേണ്ടതെന്നും പറഞ്ഞുകൊണ്ട് അമ്മയില്‍ നേതൃസ്ഥാനീയരായ ജനപ്രതിനിധികള്‍ക്ക് സംരക്ഷണവലയമൊരുക്കുന്ന സിപിഐഎം സെക്രട്ടറിയേറ്റിന്റെ നിലപാട് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.

ഇടതുപക്ഷ ജനപ്രതിനിധികളുടെ നിലപാടിനെതിരെ സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനമുയര്‍ത്തിയവരില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളീയ സമൂഹത്തിലെ നാനാതുറയില്‍ പെട്ടവരുണ്ട്. അവരില്‍ ഇടതുപക്ഷ നേതാക്കളും വലിയ തോതില്‍ ഉള്‍പ്പെടുന്നുണ്ട്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എംഎ ബേബിയും ബൃന്ദ കാരാട്ടും സിപിഐഎം മന്ത്രിമാരും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ഉള്‍പ്പടെയുള്ള സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങളെ പാടെ തള്ളിപ്പറയുന്ന നിലപാടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

‘അമ്മ’യിലെ ഇടതുപക്ഷ ജനപ്രതിനിധികളുടെ കുറ്റാരോപിതനോടൊപ്പം നില്‍ക്കുന്ന സ്ത്രീവിരുദ്ധ നിലപാടിനെ വഴിവിട്ട് ന്യായീകരിക്കുകയും പോളിറ്റ് ബ്യൂറോ അംഗങ്ങളുള്‍പ്പടെയുള്ള നേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് തെല്ലും വിലകല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യഥാര്‍ത്ഥത്തില്‍ ആരോടൊപ്പമാണ് നിലകൊള്ളുന്നതെന്ന് ഇനിയെങ്കിലും തുറന്നുപറയണം. സ്ത്രീ സുരക്ഷ മുഖ്യ മുദ്രാവാക്യമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ച സിപിഐഎം നിലപാടിലെ പൊള്ളത്തരമാണ് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വെളിവാകുന്നതെന്നും സുധീരന്‍ ആരോപിച്ചു.

DONT MISS
Top