കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ലത്തീന്‍ കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരത കത്തോലിക്ക മെത്രാന്‍ സമതിയുടെ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയാണ് തൃശൂര്‍ സ്വദേശിയായ ഫ്രാങ്കോ മുളക്കല്‍.

കുറവിലങ്ങാട് മരങ്ങാട്ടുപള്ളി നാടുകുന്നിലെ മഠത്തിലെ കന്യാസ്ത്രീയാണ്‌ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. ലത്തീന്‍ കത്തോലിക്കാസഭയുടെ പഞ്ചാബ് ജലന്ധര്‍ രൂപതാ അധ്യക്ഷനും തൃശൂര്‍ സ്വദേശിയുമായ ഫ്രാങ്കോ മുളയ്ക്കല്‍ രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തതയാണ് കന്യാസ്ത്രീയുടെ പരാതി. പീഡന വിവരം പുറത്തു പറയുമെന്നു പറഞ്ഞ തന്നെ സഭയില്‍ നിന്നു പുറത്താക്കാന്‍ ശ്രമിച്ച ബിഷപ്പ്, അച്ചടക്ക നടപടിക്കു വിധേയയാക്കിയതായും പരാതിയില്‍ പറയുന്നു. പീഡനത്തെപ്പറ്റി പരാതിപ്പെടുകയും, ബിഷപ്പിനെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്ത തന്റെ സഹോദരനെതിരെ ബിഷപ്പ് കള്ളക്കേസ് കൊടുത്തതായും കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. ഇവരുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വൈക്കം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

എന്നാല്‍, മധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന സമയത്ത് കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തിരുന്നതാണെന്നാണ് സഭയുടെ നിലപാട്. ബിഷപ്പ് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ബിഷപ്പിനെ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് കന്യാസ്ത്രീയുടെ സഹോദരനെതിരെ കേസെടുത്തതെന്നും സഭാ നേതൃത്വം വ്യക്തമാക്കുന്നു. ബിഷപ്പിന്റെ പരാതിയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top