ഇന്ന് വിശ്രമത്തിന്റെ ദിനം; നാളെ മുതല്‍ വിശ്രമമില്ലാ നാളുകള്‍, ഒപ്പം ചങ്കിടിപ്പിന്റെയും

മോസ്‌കോ: ആറുനാള്‍ കൊണ്ട് ലോകം സൃഷ്ടിച്ച ദൈവം ഏഴാം നാള്‍ വിശ്രമിച്ചു. ആറുദിനങ്ങളില്‍ തീര്‍ത്ത ആ ലോകം കീഴടക്കാനുള്ള റഷ്യയിലെ പോരാട്ടത്തിനിടയ്ക്ക് ഇന്ന് ഒരു വിശ്രമദിനമാണ്. ചെറിയ ഇടവേള. കഴിഞ്ഞ പതിനഞ്ച് ദിനങ്ങളിലെ പോരാട്ടങ്ങള്‍ ഒന്ന് ഓര്‍മിച്ചെടുക്കാന്‍, പറ്റിയ തെറ്റുകള്‍ തിരിച്ചറിയാന്‍, അവ മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍. ഇനിയാണ് പോരാട്ടത്തിന്റെ നാളുകള്‍, ഒപ്പം ചങ്കിടിപ്പിന്റെയും. ഇനിയുള്ള പ്രയാണത്തില്‍ 16 ടീമുകള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ. അവര്‍ക്കൊക്കെയും ഒരവസരം മാത്രം. എതിരാളിയെ അരിഞ്ഞ് വീഴിത്തിയാല്‍ മുന്നോട്ട് കുതിക്കാം. അല്ലെങ്കില്‍ എതിരാളി കുതിച്ച് മുന്നേറും.

റഷ്യന്‍ ലോകകപ്പിന്റെ സൗന്ദര്യം നാളെ മുതല്‍ കൂടുതല്‍ വര്‍ധിക്കുകയാണ്, ഒപ്പം ആരാധകരുടെ കണ്ണീര്‍ത്തുള്ളികളും. ലോകപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങള്‍ക്ക് തുടക്കമാവുകയാണ്. ഇനി അവശേഷിക്കുന്നത് 16 മത്സരങ്ങള്‍. പതിനാറാം മത്സരത്തിന്റെ അവസാനനിമിഷത്തില്‍ റഷ്യയില്‍ പുതിയ ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ ഉയരുകയാണ്. പക്ഷെ അവിടേയ്ക്കുള്ള യാത്ര ഇനി അതികഠിനവുമാണ്. കാരണം വിജയം എന്ന ഒറ്റ നേട്ടം മാത്രമെ അവിടേക്കെത്താന്‍ സഹായിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ പോരാട്ടങ്ങള്‍ പൊടിപാറും, പുതു തന്ത്രങ്ങള്‍ രൂപപ്പെടും, ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടും, പ്രതിരോധങ്ങള്‍ക്ക് ശക്തിയേറും, ഷോട്ടുകള്‍ക്ക് വെടിയുണ്ടകളുടെ വേഗം വരും, ചെറിയ പിഴവിന് പോലും വലിയ വില നല്‍കേണ്ടി വരും.

എട്ട് ഗ്രൂപ്പുകളില്‍ നിന്നായി പതിനാറ് ടീമുകളാണ് പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി പ്രീക്വാര്‍ട്ടറുകള്‍ അവസാനിക്കും. ഒരു ദിവസം രണ്ട് മത്സരങ്ങളാണുള്ളത്. ജൂണ്‍ 30 ന് ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടും. രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ലോകകപ്പിലെ ആദ്യ ചാമ്പ്യന്‍മാരായ ഉറുഗ്വെ ആദ്യ കിരീടം തേടുന്ന പോര്‍ച്ചുഗലിനെ നേരിടും.

ജൂലൈ ഒന്നിന് രാത്രി ഏഴരയ്ക്ക് 2010 ലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ആതിഥേയരായ റഷ്യയെ എതിരിടും. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരായിട്ടാണ് സ്‌പെയിന്‍ എത്തിയിരിക്കുന്നത്. റഷ്യ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായും. രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ഡി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ക്രൊയേഷ്യ സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഡെന്‍മാര്‍ക്കിനെ നേരിടും.

ജൂലൈ രണ്ടിന് രാത്രി ഏഴരയ്ക്ക് അഞ്ച് വട്ടം ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ മെക്‌സിക്കോയെ നേരിടും. ഇ ഗ്രൂപ്പ് ചാമ്പ്യന്‍മാരാണ് ബ്രസീല്‍. മെക്‌സിക്കോ എഫ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും. അന്ന് രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ജി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബെല്‍ജിയം എച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ഏഷ്യന്‍ പ്രതീക്ഷകളുമായ ജപ്പാനെ നേരിടും.

പ്രീക്വാര്‍ട്ടറിലെ അവസാനമത്സരങ്ങള്‍ ജൂലൈ മൂന്നിനാണ് നടക്കുന്നത്. ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ എഫ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായ സ്വീഡന്‍ ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്റിനെ നേരിടും. പതിനൊന്നരയ്ക്ക് നടക്കുന്ന മത്സരത്തില്‍ എച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കൊളംബിയ ജി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ നേരിടും.

DONT MISS
Top