റഷ്യന്‍ ലോകകപ്പ്: ഗ്രൂപ്പ് പോരാട്ടം അവസാനിച്ചു, പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചു. ഇതോടെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കാമാകും. ഇനി യഥാര്‍ത്ഥ പോരാട്ടത്തിന്റെ ദിനങ്ങള്‍.

ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ബെല്‍ജിയം ഇംഗ്ലണ്ടിനെയും ടുണീഷ്യ പനാമയെയും തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച ബെല്‍ജിയം ജി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. രണ്ട് ജയങ്ങളുമായിട്ടാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. അന്‍പത്തിയൊന്നാം മിനിട്ടില്‍ അദ്‌നാന്‍ ജനുസാജ് ആണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ടുണീഷ്യയുടെ വിജയം. ആശ്വസജയവുമായി ടുണീഷ്യ മടങ്ങിയപ്പോള്‍ എല്ലാം തോറ്റാണ് പനാമയുടെ മടക്കം. അന്‍പത്തിയൊന്നാം മിനിട്ടില്‍ ഫഹ്‌റദിന്‍ ബെന്‍ യൂസെഫ്, അറുപത്തിയാറാം മിനിട്ടില്‍ വഖ്ബി ഖസ്‌രി എന്നിവരാണ് ടുണീഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത്. മുപ്പത്തിമൂന്നാം മിനിട്ടില്‍ യാസിന്‍ മെരിയ നല്‍കിയ സെല്‍ഫ് ഗോളാണ് പനാമയുടെ സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത്.

ജീവന്‍മരണ പോരാട്ടങ്ങള്‍ നടന്ന എച്ച് ഗ്രൂപ്പില്‍ കൊളംബിയ സെനഗലിനെയും പോളണ്ട് ജപ്പാനെയും തോല്‍പ്പിച്ചു. വിജയത്തോടെ കൊളംബിയയും തോറ്റെങ്കിലും സെനഗലിനെ ഫെയര്‍പ്ലെയില്‍ മറികടന്ന് ജപ്പാനും പ്രീക്വാര്‍ട്ടറിലെത്തി. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം. എഴുപത്തിനാലാം മിനിട്ടില്‍ യെറി മിനയുടെ വകയായിരുന്നു കൊളംബിയയുടെ ഗോള്‍. തോറ്റിരുന്നെങ്കില്‍ കൊളംബിയ ലോകകപ്പില്‍ നിന്ന് പുറത്തായേനെ. ഏഷ്യന്‍ ശക്തികളായ ജപ്പാനെ എതിരില്ലാത്ത ഒരു ഗോള്‍ ജയമാണ് പോളണ്ട് നേടിയത്. അന്‍പത്തിയൊന്‍പതാം മിനിട്ടില്‍ ജാന്‍ ബെഡ്‌നാരക് ആണ് വിജയഗോള്‍ കുറിച്ചത്. നാലുടീമുകളും ഒരു ജയമെങ്കിലും നേടിയ രണ്ട് ഗ്രൂപ്പുകളില്‍ ഒന്നാണ് എച്ച്. എഫ് ഗ്രൂപ്പാണ് മറ്റൊന്ന്.

DONT MISS
Top