ചലച്ചിത്ര താരങ്ങളുടെ സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും ഈ സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പിണറായി സര്‍ക്കാര്‍ ആര്‍ജവത്തോടെ ഈ വിഷയത്തിലെടുത്ത നിലപാട് പൊതുസമൂഹത്തിന് ബോധ്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനയായ എഎംഎംഎ എന്ത് തീരുമാനമെടുത്താലും അത് ഈ സര്‍ക്കാരിന്റെ നിലപാടുകളെ സ്വാധീനിക്കുന്നതല്ല. എന്നാല്‍ ആ സംഘടന കേരള സംസ്‌കാരത്തിന് നിരക്കുന്ന തീരുമാനങ്ങളെടുക്കാനുള്ള സാമൂഹിക പ്രതിബദ്ധത കാട്ടേണ്ടതാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദിലീപ് ആ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടത് കേരള പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ്. 88 ദിവസമാണ് ആ നടന്‍ ജയിലില്‍ കിടന്നത്. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്, മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇവിടെ ആരെങ്കിലും ഏതെങ്കിലും സംഘടനയില്‍ ദിലീപിനെ എടുക്കുന്നതും എടുക്കാതിരിക്കുന്നതുമൊന്നും സര്‍ക്കാരിന്റെ വിഷയമല്ല. പോത്തിനെ ചാരി എരുമയെ അടിക്കുന്നത് പോലെ ഇടത് എംഎല്‍എമാരെയും എംപിയെയും ഇതിന്റെ മറവില്‍ ആക്രമിക്കാനാണ് ചിലരുടെ ആസൂത്രിത ശ്രമം. ഈ ജനപ്രതിനിധികള്‍ ആ സംഘടനയുടെ ഭാഗമായിരുന്നപ്പോള്‍ തന്നെയാണ് ദിലീപ് ജയിലിലായത് എന്നതാരും മറക്കേണ്ട. ക്രൂരമായി ഉപദ്രവിക്കപ്പെട്ട നടിക്കൊപ്പമാണ്, അതിജീവനത്തിന്റെ പ്രതീകമായ ആ പെണ്‍കുട്ടിക്കൊപ്പമാണ് പിണറായി സര്‍ക്കാര്‍. പൃഥ്വിരാജിനെ പോലുള്ള ചെറുപ്പക്കാരുടെ നിലപാടുകള്‍ പ്രതീക്ഷ പകരുന്നതാണെന്ന് നേരത്തെ തന്നെ ഞാന്‍ വ്യക്തമാക്കിയതുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top