അര്‍ജന്റീനയുടെ കോച്ചും മെസി തന്നെയോ ? പകരക്കാരനെ ഇറക്കാന്‍ കോച്ച് സാംപോളി മെസിയുടെ അനുവാദം ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍

മെസിയോട്  സാംപോളി സംസാരിക്കുന്ന ദൃശ്യം

അര്‍ജന്റീനയുടെ ലോകകപ്പ് ടീമിന്റെ കോച്ച് യഥാര്‍ത്ഥത്തില്‍ ക്യാപ്റ്റനായ മെസി തന്നെയാണെന്ന് വ്യക്തമാക്കി മാധ്യമങ്ങള്‍. ആര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ആദ്യം പുറത്തുവിട്ടത്. മെസിയോട് അനുവാദം ചോദിച്ചശേഷമാണ് ടീമിന്റെ കോച്ച് ജോര്‍ജ്  സാംപോളി തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് വ്യക്തമാക്കി നൈജീരിയ്‌ക്കെതിരേയുള്ള നിര്‍ണായക മത്സരത്തിലെ ഒരു രംഗമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ദൃശ്യം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്.

നൈജീരിയ്‌ക്കെതിരേയുള്ള  മത്സരം തീരാന്‍ 10 മിനിറ്റ് അവശേഷിക്കെ സെര്‍ജിയോ  അഗ്യൂറോയെ കളത്തിലിറക്കാന്‍ പരിശീലകന്‍ സാംപോളി മെസിയുടെ അനുവാദം തേടുന്ന ദൃശ്യം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

കളിക്കിടയില്‍ കോച്ചിങ് അസിസ്റ്റന്റിന്റെ അടുത്തേക്ക് മെസിയെത്തി ചില നിര്‍ദേശങ്ങള്‍ നല്‍കി. ഇതിനിടയിലാണ് മെസിയോട് സാംപോളിയുടെ ചോദ്യവും. അഗ്യൂറോയെ അയക്കാന്‍ അനുകൂലമായി മെസി ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് പ്രതിരോധ നിരക്കാരന്‍ നിക്കോളാസ് തഗ്ലിയാഫികോയെ പിന്‍വലിച്ച് മത്സരം തീരാന്‍ പത്ത് മിനിറ്റ് മാത്രമുള്ളപ്പോള്‍ അഗ്യുറോ കളത്തിലിറങ്ങുകയും ചെയ്തു.

മെസിയും മഷെറാനോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് സാംപോളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും, ടീമില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

നൈജീരിയക്കെതിരേയുള്ള കളിയില്‍ നിര്‍ണായകമായ രണ്ടാം ഗോള്‍ നേടിയ മാര്‍ക്കസ് റോഹോ തന്റെ ഗോള്‍ നേട്ടത്തിന് പ്രചോദനമായത് മെസിയാണെന്നും അദ്ദേഹം എങ്ങനെയും ഗോള്‍ അടിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും കളിക്ക് ശേഷം വ്യക്തമാക്കിയിരുന്നു. കളിയുടെ ഇടവേളയില്‍ എല്ലാക്കളിക്കാരും മെസിക്കൊപ്പം നിന്ന് അദ്ദേഹത്തില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. ഇതോടെയാണ് ടീം ഇപ്പോള്‍ പൂര്‍ണമായും മെസിയുടെ നിയന്ത്രണത്തിലാണെന്നും കോച്ച് സാംപോളിക്ക് സ്ഥാനമൊന്നുമില്ലെന്നും വ്യക്തമാക്കി മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നത്.

DONT MISS
Top