ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തോട് വിയോജിക്കുന്നതായി നടന്‍ ബാലചന്ദ്രന്‍

പി ബാലചന്ദ്രന്‍

കൊച്ചി: നടന്‍ ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ തനിക്ക് വിയോജിപ്പുണ്ടെന്ന് നടന്‍ പി ബാലചന്ദ്രന്‍. തീരുമാനമെടുത്ത യോഗത്തില്‍ പങ്കെടുത്തുവെങ്കിലും പെട്ടെന്നുണ്ടായ ഈ തീരുമാനത്തോട് ഉടന്‍തന്നെ പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ പശ്ചാത്തപിക്കുന്നുവെന്നും ബാലചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്് പേജില്‍ കുറിച്ചു.

ധാർമ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും മുൻപിൽ നിർത്തി, ഒരു സംഘം സ്ഥാപിത താൽപര്യക്കാർ കരുക്കൾ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നുവെന്നും മുറിവേൽക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകുമെന്നും ബാലചന്ദ്രന്‍ വ്യക്തമാക്കി.

പി ബാലചന്ദ്രന്റെ എഫ്ബി പോസ്റ്റ് :

മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചർച്ചക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിയാതെ പോയതിൽ പശ്ചാത്താപമുണ്ട്. ധാർമ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും മുൻപിൽ നിർത്തി, ഒരു സംഘം സ്ഥാപിത താൽപര്യക്കാർ കരുക്കൾ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേൽക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും.
പി ബാലചന്ദ്രൻ.

ഇതേസമയം, തന്റെ നിരപരാധിത്വം തെളിയിക്കും വരെ താന്‍ ‘അമ്മ’ അടക്കമുള്ള ഒരു സംഘടനയിലും സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ച് നടന്‍ ദിലീപ് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ‘അമ്മ’ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്ത് ദിലീപ് തന്റെ എഫ്ബി പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

DONT MISS
Top