മോദി പ്രധാനമന്ത്രിയായിട്ട് 48 മാസങ്ങള്‍, സന്ദര്‍ശിച്ചത് 50 രാഷ്ട്രങ്ങള്‍; യാത്രയ്ക്കായി ചെലവാക്കിയത് 355 കോടിയെന്നും വിവരാവകാശരേഖ

ഫയല്‍ ചിത്രം

ദില്ലി:  നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി 48 മാസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്ദര്‍ശിച്ചത് 50 വിദേശരാജ്യങ്ങള്‍. അതായത് മാസത്തില്‍ ശരാശരി ഒരു തവണയിലധികം അദ്ദേഹം വിദേശരാജ്യങ്ങളിലായിരുന്നുവെന്ന് ചുരുക്കം.

41 തവണയായി നടത്തിയ വിദേശയാത്രകളിലാണ് 50 രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചത്. നാലുവര്‍ഷത്തിനിടെ 165 ദിവസവും പ്രധാനമന്ത്രി വിദേശത്തായിരുന്നു. പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനത്തിന് രാജ്യം ചെലവഴിച്ചത് 355 കോടി രൂപയെന്നും വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.

2015 ഏപ്രില്‍ മാസത്തില്‍ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള ത്രിരാഷ്ട്രസന്ദര്‍ശനത്തിനാണ് ഏറ്റവും അധികം തുക ചെലവായത്. ഈ യാത്രയ്ക്ക് ചെലവായത് 31.25 കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവ് കുറവ് വന്ന വിദേശയാത്ര അയല്‍രാജ്യമായ ഭൂട്ടാനിലേക്ക് നടത്തിയതാണ്. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യവിദേശസന്ദര്‍ശനമായിരുന്നു ഭൂട്ടാനിലേക്ക്. ഇതിന് ആകെ ചെലവായത് 2.45 കോടി രൂപയാണ് ഈ യാത്രയ്ക്കായി രാജ്യം ചെലവഴിച്ചത്.

അതേസമയം, പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ യാത്രയ്ക്കും സുരക്ഷയൊരുക്കുന്നതിനും ചെലവ് വന്ന തുകയെത്രെയന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയാറായില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പി(എസ്പിജി)ന്റെ പ്രവര്‍ത്തനങ്ങള്‍ വിവരാവകാശ നിയമത്തിന് പുറത്താണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇതിന് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയാറാകാതിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ​ യാത്രകള്‍ക്കായി ചെലവഴിച്ച ചെലവഴിച്ച വിമാനക്കൂലിയെത്രയെന്ന് വെളിപ്പെടുത്തണമെന്ന്​ വിദേശകാര്യ മന്ത്രാലയത്തിന്​ വിവരാവകാശ കമ്മീഷണര്‍ നേരത്തെ നിര്‍ദേശം നല്‍കിയത് വാര്‍ത്തയായിരുന്നു.. മോദിയുടെ യാത്രകള്‍ക്ക്​ എയര്‍ ഇന്ത്യയുടെയും ​വ്യോമസേനയുടെയും വിമാനങ്ങള്‍ ചാര്‍ട്ട്​ ചെയ്യുന്നതിനായി ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലോകേഷ് ബത്ര എന്ന മുന്‍ നാവികസേന ഉദ്യോഗസ്ഥനാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

ഇതിന് നല്‍കപ്പെട്ട മറുപടി അപൂര്‍ണവും അവ്യക്തവുമാണന്നതിനാലാണ് ബത്ര മുഖ്യവിവരാവകാശ കമ്മീഷണറെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് മുഖ്യവിവാരാവകാശ കമ്മീഷണര്‍ ആര്‍കെ മാത്തൂര്‍, കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top