ദൂരുഹ സാഹചര്യത്തില്‍ നാലു പേരെ കൂടി കാണാതായി; മാധ്യമങ്ങളെ ഉപയോഗിച്ച് അന്വേഷണം വഴി തെറ്റിക്കാനും ശ്രമം; എന്‍ഐഎ ഇന്നെത്തും

കാസര്‍ഗോഡ്:  കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി ദുരൂഹ സാഹചര്യത്തില്‍ നാല് പേരെ കൂടി കാണാതായി. ചെറുവത്തൂര്‍ കാടാങ്കോട്ട് സ്വദേശി ശിഹാബ് ഉള്‍പ്പടെ നാല് പേരെയാണ് കാണാതായത്. സംഭവത്തില്‍ ചന്തേര, പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതോടെ രണ്ട് ദിവസങ്ങളിലായി കാണാതായവരുടെ എണ്ണം പതിനഞ്ചായി. കുടുംബങ്ങളെ കാണാതാകുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഇരുപത്തിയൊന്നു പേരെ ദൂരുഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് ഐഎസ് കേന്ദ്രത്തിലെത്തുകയും ചെയ്ത പടന്ന തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്നാണ് വീണ്ടും തിരോധാന വാര്‍ത്തകള്‍ പുറത്തു വരുന്നത്. കാടാങ്കോട് സ്വദേശി ശിഹാബ് പഴയങ്ങാടി സ്വദേശിനികളായ  ബുഷറ, സുലൈമത്ത് എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

ശിഹാബിന്റെ പിതാവ് മുഹമ്മദിന്റെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്. ജൂണ്‍ 23 ന് പടന്നക്കാടുള്ള ഭാര്യ വീട്ടിലേക്ക് പുറപ്പെട്ട ഇയാളെ പിന്നിട് കാണാതായി എന്നാണ് പരാതിയില്‍ പറയുന്നത്. സംഘം യമനിലേക്ക് കടന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് ചെമ്മനാട്, അണങ്കൂര്‍ എന്നിവടങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 11 പേരെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്.

ഇത് സംബന്ധിച്ച് അന്വേഷണം വഴിതെറ്റിക്കാനും ശ്രമം നടക്കുന്നതായി ആരോപണം ഉണ്ട്. തിരോധാനത്തില്‍ പൊലീസ് അന്വേഷണം നടക്കവെ ചില മാധ്യമങ്ങളെ ഉപയോഗിച്ച് നാടുവിട്ടവരുടെ സുഹൃത്തുക്കളാണ് ഇതിന് മുന്നിട്ടിറങ്ങിയത്. പടന്ന-തൃക്കരിപൂര്‍ മേഖലകളില്‍ നിന്നും ഐഎസ് കേന്ദ്രത്തിലെത്തിയ സംഘങ്ങളില്‍ എഴു പേര്‍ ഇതിനോടകം കൊല്ലപെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ ആഭ്യന്തര വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

DONT MISS
Top