അകത്തോ പുറത്തോ? നിമിഷങ്ങളെണ്ണി ആരാധകര്‍; ഹിഗ്വയിനും എയ്ഞ്ചല്‍ ഡി മരിയയും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍


ഒന്നുകില്‍ മെസ്സി, അല്ലെങ്കില്‍ മൂസ. കുറച്ചുമിനുട്ടുകള്‍ക്ക് ശേഷം ഇവരിലൊരാളേ റഷ്യന്‍ ലോകകപ്പില്‍ അവശേഷിക്കുകയുള്ളൂ. അത് ഫുട്‌ബോളിന്റെ മിശിഹയാകാന്‍ ലോകം പ്രാര്‍ത്ഥിക്കുമ്പോള്‍ മൂസ എന്ന തോല്‍ക്കാന്‍ കരുത്തില്ലാത്ത കരുത്തനായ കളിക്കാരന്‍ മെസ്സിയേക്കാള്‍ സാധ്യത മുന്നില്‍ കാണുന്നു. കാരണം ഒരു സമനിലപോലും നൈജീരിയയെ രക്ഷപ്പെടുത്തും. വിജയമൊഴിച്ചുള്ള ഒന്നും അര്‍ജന്റീനയെ രക്ഷപെടുത്തില്ല.

എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസ്സിയും ഹിഗ്വയിനും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. എവര്‍ ബനേഗ, മാര്‍ക്കസ് റോഹോ എന്നിവരും ടീമിലുണ്ട്. നിരവധി പിഴവുകള്‍ വരുത്തിയ ഗോള്‍കീപ്പര്‍ വില്ലി കബല്ലെറോയെ മാറ്റി ഫ്രാങ്കോ അര്‍മാനി ഗോള്‍ വല കാക്കും. അര്‍ജന്റീനയ്ക്കായി അര്‍മാനി ആദ്യമായി ഗോള്‍വല കാക്കുന്നത് ഈ മരണക്കളിയിലാണ്.

കളി ജയിച്ചാലും ക്രൊയേഷ്യ-ഐസ്‌ലന്റ് മത്സരഫലം അര്‍ജന്റീനയെ ബാധിക്കും. ഐസ്‌ലന്റ് തോല്‍ക്കുന്നതാണ് ഏറ്റവും അഭിലഷണീയം എങ്കിലും ഐസ്‌ലന്റ് സമനില പിടിച്ചാലും പ്രതീക്ഷയ്ക്ക് വകയുണ്ട്. പിന്നീത് ഐസ്‌ലന്റും അര്‍ജന്റീനയും തമ്മിലുള്ള ഗോള്‍ വ്യത്യാസമാകും പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നവരെ നിര്‍ണയിക്കുക. ഇതെല്ലാം നൈജീരിയയെ അര്‍ജന്റീന പരാജയപ്പെടുത്തിയാല്‍ മാത്രമാണ് പ്രസക്തമാവുക.

ഏതാനും നിമിഷങ്ങള്‍ക്കകം കാര്യങ്ങള്‍ക്ക് വ്യക്തത വരും. അതിനായി കാത്തിരിക്കുകയാണ് ലോകത്തെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ടീമും മെസ്സി എന്ന മിശിഹായില്‍ വിശ്വസിക്കുന്ന ഫുട്‌ബോള്‍ സ്‌നേഹികളും. എന്നാല്‍ സ്വന്തം പ്രയത്‌നത്താല്‍ മനസുകള്‍ കീഴടക്കുന്ന നൈജീരിയ പരാജയപ്പെടുന്നതും ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവരെ വിഷമിപ്പിച്ചേക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top