നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി: പ്രതിപക്ഷത്തിന് മറുപടി നല്‍കാനാവാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ അവശേഷിക്കുന്ന പച്ചപ്പും ഇല്ലാതാക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിയ്ക്ക് പിന്നിലെ സര്‍ക്കാരിന്റെ ദുഷ്ടലക്ഷ്യം പ്രതിപക്ഷം നിയമസഭയില്‍ തുറന്നു കാണിച്ചതിലുള്ള വേവലാതി കൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് പാപ്പരത്വമെന്നൊക്കെ പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിയമസഭയില്‍ ബില്ലിന്റെ ഒരോ വകുപ്പായെടുത്ത് പ്രതിപക്ഷം എണ്ണിയെണ്ണി ചൂണ്ടിക്കാണിച്ച ഒരു കാര്യത്തിനും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പകരം ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നത് പോലെ പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഭേദഗതി ബില്ലില്‍ ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ കൊണ്ടു വന്നത് ഭരണ പക്ഷത്തെ സിപിഐ ആണെന്നത് മറച്ചു വച്ചു കൊണ്ടാണ് പ്രതിപക്ഷം ഏതോ മോഹവലയത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ബില്ലിന്മേല്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയത് ബില്ലവതരിപ്പിച്ച റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയായ സിപിഐ ആണ്. പക്ഷേ മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും ഭീഷണിക്ക് മുന്നില്‍ സിപിഐയ്ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു. എന്നു മാത്രമല്ല സിപിഐഎമ്മിന്റെ താത്പര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ബില്ല് അവര്‍ക്ക് അവതരിപ്പിക്കേണ്ടിയും വന്നു. സിപിഐയുടെ ഈ ഗതികേടിനെയാണ് പ്രതിപക്ഷം നിയമസഭയില്‍ തുറന്നു കാട്ടിയത്. അതിന് വസ്തുനിഷ്ഠമായി മറുപടി പറയാന്‍ കഴിയാതെ പ്രതിപക്ഷത്തെ ആക്ഷേപിച്ചിട്ട് എന്തു കാര്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

DONT MISS
Top