ഇനി എന്തെങ്കിലും ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്ന് ഇടവേള ബാബു, ദിലീപ് വിഷയം ഉയര്‍ത്തി ഊര്‍മിള ഉണ്ണി എഴുന്നേറ്റു; എതിര്‍പ്പുകള്‍ അവഗണിച്ച് തിരിച്ചെടുക്കാന്‍ തീരുമാനം

ദിലീപ്

കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ച മുന്‍കൂട്ടി തയ്യറാക്കിയ തിരക്കഥയനുസരിച്ചാണെന്ന് അമ്മയിലെ മറ്റ് അംഗങ്ങള്‍ തന്നെ പറയാതെ പറയുന്നു. രാവിലെ തുടങ്ങിയ ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് ശേഷമാണ് അജണ്ടയിലൊന്നും ഇല്ലാത്ത ഈ വിഷയം പൊടുന്നനെ ഉയര്‍ന്നുവന്നത്. ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിയുമ്പോള്‍ പുതുതായി ചുമതലയേറ്റ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇനി എന്തെങ്കിലും ചര്‍ച്ച ചെയ്യേണ്ടതുണ്ടൊയെന്നും ചര്‍ച്ചയ്ക്ക് എന്തെങ്കിലും എടുക്കേണ്ടതായി ഉണ്ടോയെന്നും മൈക്കിലൂടെ ആരാഞ്ഞു.

ചോദ്യം കഴിയുന്നതിന് മുന്‍പ് തന്നെ നടി ഊര്‍മിളാ ഉണ്ണി എഴുന്നേറ്റ് നിന്ന് തനിക്കൊരു കാര്യം ചോദിക്കാനുണ്ടെന്നും അത് ദിലീപിനെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആണെന്നും പറഞ്ഞു. അക്കാര്യം സ്റ്റേജില്‍ വന്ന് മൈക്കിലൂടെ പറയണമെന്നും മറ്റുള്ളവരും കേള്‍ക്കട്ടെ എന്നുമായിരുന്നു ഇടവേള ബാബുവിന്റെ മറുപടി. സാധാരണ ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നവര്‍ക്ക് ഇരിപ്പിടത്തില്‍ തന്നെ മൈക്ക് എത്തിച്ച് കൊടുക്കുകയാണ് പതിവ്. എന്നാല്‍ ഇത് തിരക്കഥയുടെ ഭാഗമായതിനാല്‍ മൈക്ക് എത്തിക്കേണ്ടവര്‍ പോലും സ്ഥലത്ത് ഇല്ലായിരുന്നു. സ്‌റ്റേജിലെത്തിയ ഊര്‍മിള ഉണ്ണി ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നത് അറിയണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

എന്നാല്‍ കേസുകള്‍ നടക്കുന്നതിനാല്‍ ദിലീപിനെ തിരിച്ചെടുക്കേണ്ട കാര്യമില്ലെന്ന് ചില കോണില്‍ നിന്നും പറയുന്നുണ്ടായിരുന്നെങ്കിലും ഇതൊന്നും വകവയ്ക്കാതെ കൈയടിച്ച് പാസാക്കുന്ന നടപടിയിലേക്ക് പോവുകയായിരുന്നു. ഉച്ചകഴിഞ്ഞ് പേരിന് ചേര്‍ന്ന നിര്‍വാഹകസമിതി ദിലീപിനെ തിരിച്ചെടുത്തതായി അറിയിക്കുകയായിരുന്നു. ഇവിടെയാണ് ഈ തിരക്കഥയുടെ പൊരുള്‍ മനസിലാകുന്നത്. ഊര്‍മിള ഉണ്ണി ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തെ കുറിച്ച് ചില അംഗങ്ങള്‍ തന്നോട് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും ഇത് ആരെന്ന് പറയാന്‍ തയ്യാറാകാത്തതാണ് മറ്റ് അംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

ദിലീപിന്റെ കാര്യം ചര്‍ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടവരുടെ പേര് ഊര്‍മിള ഉണ്ണി വെളിപ്പെടുത്തിയില്ലെങ്കില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ യോഗത്തിലെ എല്ലാവരും സംശയത്തിന്റെ നിഴലിലാകും. ദിലീപിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത ആസിഫ് അലിയും ഈ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇരയായ നടിയെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ ഒരുപറ്റം സ്ത്രീ കഥാപാത്രങ്ങള്‍ അമ്മ യോഗത്തില്‍ മിണ്ടാതിരുന്നത് ചില ആളുകളെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെ ഇടവേള ബാബു ഊര്‍മിള ഉണ്ണിയുമായി ആശയവിനിമയം നടത്തിയതായും അംഗങ്ങള്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. ദിലീപിനെ പുറത്താക്കിയ നടപടി നിയമവ്യവസ്ഥയ്ക്ക് എതിരാണെന്ന, യോഗത്തില്‍ പുതുതായി സ്ഥാനമേറ്റ ഇടവേള ബാബുവിന്റെ വാക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തിരക്കഥ കൂടുതല്‍ വെളിപ്പെടുത്തുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top