കര്‍ണാടകയില്‍ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ട ഒന്‍പതാം ക്ലാസുകാരന്‍ രാസപദാര്‍ത്ഥം കഴിച്ചിരുന്നുവെന്ന് പൊലീസ്

ചെങ്കപ്പയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍

മൈസുരു: തെക്കന്‍ കര്‍ണാടകയില്‍ സൈനിക സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളിലെ കെമിസ്ട്രി ലാബിലെ രാസപദാര്‍ത്ഥം കുടിച്ചിരുന്നതായി പൊലീസ്. ലാബില്‍ നിന്ന് കുട്ടി രാസപദാര്‍ത്ഥം കുടുക്കുന്ന ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലും ഇത് സംബന്ധിച്ച് സൂചനകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുടക് കുശാല്‍ നഗറിലെ സൈനിക സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എന്‍പി ചെങ്കപ്പയാണ് മരിച്ചത്. ചെങ്കപ്പയുടെ പിതാവ് നാഗണ്ട പി പൂവൈയാഡി സ്‌കൂളിലെതന്നെ ഹോക്കി ടീമിന്റെ താല്‍ക്കാലിക പരിശീലകനുമാണ്. സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബിലെ കംപ്യൂട്ടറില്‍ അശ്ലീല ദൃശ്യം കണ്ടതിന് കംപ്യൂട്ടര്‍ അധ്യാപകന്‍ ശകാരിച്ചിരുന്നു. കുട്ടി മാപ്പ്് പറഞ്ഞെങ്കിലും മാപ്പ് എഴുതി നല്‍കണമെന്നായിരുന്നു അധ്യാപകന്റെ ആവശ്യം. ഇതേതുടര്‍ന്ന് കുട്ടി കെമിസ്ട്രി ലാബില്‍ കയറി രാസപദാര്‍ത്ഥം കുടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വൈകുന്നേരം നാലുമണിക്ക് ക്ലാസിലെ ഹാജര്‍ വിളിച്ചപ്പോള്‍ കുട്ടി ക്ലാസില്‍ ഇല്ലെന്ന് മനസിലായിട്ടും ആരും അത് ഗൗരവമായി കണ്ടില്ലെന്നും വൈകുന്നേരം ആറരയ്ക്ക് ക്ലാസ് സമാപിച്ച് റോള്‍ കോള്‍ സമയത്താണ് കുട്ടിയെ കാണാതായ വിവരം വ്യക്തമാകുന്നതും അന്വേഷണം ആരംഭിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരനായ പിതാവിനെ പോലും വിവരം അറിയിച്ചത് അപ്പോഴാണ്. പിതാവ് ബന്ധുക്കളുടെ വീട്ടില്‍ അന്വേഷണം തുടരുന്നതിനിടെയാണ് സ്‌കൂളിലെ ശുചിമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് ശുചിമുറിയിയുടെ വാതില്‍ ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് ചെങ്കപ്പയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

ചെങ്കപ്പയെ കൊലപ്പെടുത്തിയതാണെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞദിവസം രാത്രി ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു. ചില അധ്യാപകര്‍ തന്നെ ബോധപൂര്‍വം പീഡിപ്പിക്കുന്നതായി കുട്ടി പിതാവ് ചെങ്കപ്പയെ അറിയിച്ചിരുന്നു. ഇക്കാര്യം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ പിതാവ് അറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനും നാല് ജീവനക്കാര്‍ക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിലും ഒന്‍പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ തന്നെ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയായിരുന്നു കൊലപാതകം നടത്തിയത്. സ്‌കൂളിനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പത്താംക്ലാസുകാരന്‍ ഒന്‍പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത്. ഈ വാര്‍ത്തയ്‌ക്കൊപ്പമാണ് കര്‍ണാടകയിലും സ്‌കൂളില്‍ വച്ച് വിദ്യാര്‍ത്ഥി മരിച്ച വാര്‍ത്തയെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top