അടിയന്തരാവസ്ഥ-രാജ്യത്തിന്റെ ജനാധിപത്യത്തിനേറ്റ മുറിവിന് ഇന്ന് 43 വയസ്

1975 ജൂണ് 26 ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമുണ്ടാക്കിയ കാലം, അധികാരമോഹം ഒരാളെ എത്രമാത്രം ഏകാധിപതിയാക്കിയാക്കും എന്നതിന്റെ തെളിവായിരുന്നു അടിയന്തരാവസ്ഥ. രാഷ്ട്രത്തിന്റെ സര്‍വസൈന്യാധിപന്‍ രാഷ്ട്രീയത്തിന്റെ റബ്ബര്‍ സ്റ്റാമ്പ് ആകുന്നതും കാണിച്ചു തന്നു 1975 ലെ ജൂണ്‍ 26 എന്ന ദിവസം. സ്വന്തം പ്രതിച്ഛായനഷ്ടം വീണ്ടെടുക്കുകയായിരുന്നു ഇന്ദിര ഗാന്ധിയുടെ ലക്ഷ്യം. രാജ്യത്തിനകത്തെങ്ങും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകള്‍ മാത്രമായിരുന്നു. ഭരണകൂടത്തിനെതിരെ ബഹുജനപ്രക്ഷോഭം ആരംഭിച്ചത് ബിഹാറില്‍ നിന്നുമാണ്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. ആ പ്രക്ഷോഭം പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് തീ പോലെ പടര്‍ന്നു. വിദ്യാര്‍ത്ഥികളും തൊഴിലാളികളും സമരത്തിന്റെ ഭാഗമായി.

സമരം ശക്തി പ്രാപിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ യുവ തുര്‍ക്കികള്‍ ഇന്ദിരയുടെ ഏകാധിപത്യത്തിനെതിരെ കലാപം തുടങ്ങി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം, ഗുജറാത്തിലെ ദയനീയ തോല്‍വി, തെരഞ്ഞെടുപ്പ് കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി-ഇവയെല്ലാം ഇന്ദിരയുടെ സമനില തെറ്റിച്ചു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ വിദേശ ശക്തികളുണ്ടെന്നായിരുന്നു ഇന്ദിരയുടെ സംശയം. സ്വന്തം മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിനോട് ആവശ്യപ്പെടുകയായിരുന്നു. ഒരു വിനീതവിധേയനെപ്പോലെ അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു.

ഇന്ത്യയുടെ ഉരുക്കുവനിത അടിയന്തരാവസ്ഥ എന്ന ഇരുണ്ട ദിനങ്ങളിലേക്ക് രാജ്യത്തെ തള്ളിവിട്ടത് രാഷ്ട്രീയ പാപ്പരത്തം തന്നെയെന്നാണ് വിലയിരുത്തല്‍. ‘നാവടക്കൂ, പണിയെടുക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിയന്താരവസ്ഥയെ പിന്‍പറ്റി ഏകാധിപത്യത്തിന്റെ ഗുണഭോക്താക്കളായി. പൊലീസിലേയും ഉദ്യോഗസ്ഥരിലേയും ഇഷ്ടക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പേക്കൂത്ത് നടത്തി. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ ജയിലിലടക്കപ്പെട്ടു.

പ്രതിഷേധക്കാരെ തെരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കി. മാധ്യമങ്ങള്‍ക്ക് കടുത്ത സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തി. സാധാരണ പൗരന്റെ മൗലികാവകാശങ്ങളും അതിന് വേണ്ടിയുള്ള സമരവുമെല്ലാം ജലരേഖയായി. മാര്‍ച്ച് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 1977 ജനുവരി 23 ന് ഇന്ദിര രാഷ്ട്രീയ തടവുകാരെ സ്വതന്ത്രരാക്കി. 1977 മാര്‍ച്ച് 23 ന് ഔദ്യോഗികമായി അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാഷ്ട്രം തനിക്കൊപ്പമെന്ന തോന്നലിലായിരുന്നു ഇന്ദിര അപ്പോള്‍. അല്ലെങ്കില്‍, കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമെന്ന് കൂടെയുള്ളവര്‍ ഇന്ദിരയെ ധരിപ്പിച്ചു.

ഫലം, ഇന്ദിരയും സഞ്ജയും കൂട്ടാളികളും തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നിലംപറ്റി. ജനതാ പാര്‍ട്ടി 298 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് നേടാനായത് 153 സീറ്റുകള്‍ മാത്രം. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി ഭരണം നിലവില്‍ വന്നു. സത്യത്തില്‍ ഈ ഭരണമാറ്റം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അടിയന്തരാവസ്ഥ കാലത്ത് പീഡനമേറ്റവര്‍ക്ക് നീതിനല്‍കാന്‍ മൊറാര്‍ജി സര്‍ക്കാരിനും ആയില്ല. കേസുകള്‍ പലതും തെളിവുകളുടെ അഭാവത്തില്‍ തള്ളിപ്പോയി. ഭരണം മാറിയെങ്കിലും പൊലീസും ഉദ്യോഗസ്ഥരും ഒക്കെ മനസ്സുകൊണ്ട് ഇന്ദിരക്കൊപ്പമായിരുന്നോ എന്ന സംശയത്തിന് ഇടനല്‍കുന്നതായിരുന്നു ഇത്.

പക്ഷേ ഒരു കാര്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ‘നാവടക്കൂ, പണിയെടുക്കൂ’ എന്ന മുദ്രാവാക്യം തൊഴില്‍ മേഖലയില്‍ മികച്ച അച്ചടക്കം കൊണ്ടുവന്നു. ഭീതിയുടെ പുതപ്പിനടിയിലെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് അടിയന്തരാവസ്ഥ പുത്തന്‍ ഉണര്‍വ് നല്‍കി. വിനോബ ഭാവെയും മദര്‍ തെരേസയും ഖുശ്വന്ത് സിങും ജെആര്‍ഡി ടാറ്റയും അടിയന്തരാവസ്ഥയെ പിന്തുണച്ചു. അച്ചടക്കത്തിന്റെ സമയം എന്നായിരുന്നു വിനോബ ഭാവെ അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചത്.

അടിയന്തരാവസ്ഥകാലത്തെ പീഡനങ്ങള്‍ അന്വേഷിച്ച ഷാ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1,10,806 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ കൂടാതെ തടങ്കലില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദില്ലിയില്‍ ഒന്നര ലക്ഷത്തോളം കുടിലുകള്‍ ഇടിച്ചു നിരത്തി. കണക്കില്‍പ്പെടുന്നതും പെടാത്തതുമായി ദശലക്ഷങ്ങള്‍ ഷണ്ഡീകരിക്കപ്പെട്ടു. നീതി നിഷേധിക്കപ്പെട്ട ഇവരുടെ ശാപം ഇപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തെ വെറുതെവിട്ടിട്ടില്ല. ഒറ്റക്കും തെറ്റക്കുമായി അടിയന്തരാവസ്ഥയുടെ അലയൊലികള്‍ ഇപ്പോഴുമുണ്ട്.

DONT MISS
Top