സര്‍ദാര്‍ പട്ടേല്‍ പാകിസ്താന് കശ്മീര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സൈഫുദ്ദീന്‍ സോസ്

സൈഫുദ്ദീന്‍ സോസ്

ദില്ലി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പാകിസ്താന് കശ്മീര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസ്. ‘കശ്മീര്‍; എ ഗ്ലിംപ്‌സ് ഓഫ് ഹിസ്റ്ററി ആന്‍ഡ് ദ സ്റ്റോറി ഓഫ് സ്ട്രഗിള്‍; എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിന് പകരമായാണ് കശ്മീര്‍ വിട്ടുകൊടുക്കാന്‍ പട്ടേല്‍ ഒരുങ്ങിയതെന്നും സോസ് കൂട്ടിച്ചേര്‍ത്തു.

പട്ടേല്‍ ഒരു പ്രായോഗികവാദിയായിരുന്നു. അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത് അലിഖാനോട് നിങ്ങള്‍ കശ്മീര്‍ എടുത്തുകൊള്ളുക ഹൈദരാബാദിനെക്കുറിച്ച് സംസാരിക്കരുതെന്നായിരുന്നു കശ്മീര്‍ വാഗ്ദാനം ചെയ്തുകൊണ്ട് പട്ടേല്‍ പറഞ്ഞത്. ലിയാഖത് ഖാന്‍ ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പായിരുന്നുവെങ്കിലും പട്ടേല്‍ അതില്‍ നിന്നും പിന്തിരിഞ്ഞെന്നും സോസ് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫിനെ പിന്തുണച്ച് സോസ് രംഗത്തെത്തിയത് നേരത്തെ വിവാദമായിരുന്നു. പാകിസ്താനുമായി ലയിക്കണമെന്ന ആഗ്രഹം കശ്മീരികള്‍ക്ക് ഇല്ലെന്നും സ്വാതന്ത്ര്യമാണ് അവരുടെ പ്രഥമ പരിഗണനയെന്നുമായിരുന്നു മുഷറഫിന്റെ പരാമര്‍ശം. കശ്മീരിനെക്കുറിച്ചുള്ള മുഷറഫിന്റെ വിലയിരുത്തല്‍ ഇന്നും ശരിയാണെന്ന് പറഞ്ഞ സോസ് താഴ്‌വരയില്‍ അശാന്തി പടരുന്നതില്‍ ഇന്ത്യയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

DONT MISS
Top