സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടി പൊലീസില്‍ നിന്ന് ഉണ്ടാകരുത്: മുഖ്യമന്ത്രി

പിണറായി വിജയന്‍

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രൂക്ഷവിമര്‍ശനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ദാസ്യപ്പണി വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ പൊലീസ് സേനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

പൊലീസിലെ ദാസ്യപ്പണി വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉന്നതതല യോഗം ചേര്‍ന്നത്. അതേസമയം, ആരോപണവിധേയനായ എഡിജിപി സുധേഷ് കുമാര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തില്ല.

“പൊലീസ് ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ഉയര്‍ന്ന ജനാധിപത്യമൂല്യമുള്ള കേരളത്തില്‍ പൊലീസ് അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. മേലുദ്യോഗസ്ഥര്‍ അതിന് നേതൃത്വം നല്‍കണം. വര്‍ക്ക് അറേഞ്ച്‌മെന്റ് അനന്തമായി നീളരുത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ അനാവശ്യമായി ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരിച്ച് വിളിക്കണം”. മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പൊലീസ് സേനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കി. പൊലീസുകാരെയും ക്യാമ്പ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. കേസുകളില്‍ മേലുദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. പരാതികള്‍ക്ക് പരിഗണന ലഭിക്കാതെ വന്നാല്‍ പ്രത്യേക കോള്‍ സെന്റര്‍ തുടങ്ങും.

യോഗത്തില്‍ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തില്‍ മാത്രമെ ഇത്രയും നെഗറ്റീവ് വാര്‍ത്തകള്‍ ഉള്ളൂ. മാധ്യമങ്ങള്‍ ഇടപെടും മുന്‍പ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടണം. മുഖ്യമന്ത്രി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top