‘കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റേയും പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന അവസ്ഥ മറ്റൊരു ഭരണത്തിലും ഉണ്ടായിട്ടില്ല’; കാര്യങ്ങള്‍ ഇപ്പോള്‍ അടിയന്തരാവസ്ഥയെക്കാളും മോശമാണെന്ന് കോണ്‍ഗ്രസ്

രണ്‍ദീപ് സിംഗ് സുര്‍ജെവാല

ദില്ലി: രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയെക്കാളും മോശമായ രീതിയിലാണ് കാര്യങ്ങളെന്ന് കോണ്‍ഗ്രസ്. ഇവിടെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റേയും പേരില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്നും അടിയന്തരാവസ്ഥയില്‍ ഇത്തരം സ്ഥിതിവിശേഷം ഉണ്ടായിട്ടില്ലെന്നും ഇതിന് ബിജെപി കനത്ത വിലനല്‍കേണ്ടി വരുമെന്നും കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധിയുടെ നടപടികളെ ഹിറ്റ്‌ലറോട് താരതമ്യപ്പെടുത്തി അരുണ്‍ ജയ്റ്റ്‌ലി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു സുര്‍ജെവാല. രാജ്യത്തെ സാഹചര്യങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണെന്നും, ബ്ലോഗുകള്‍ എഴുതുന്നത് നിര്‍ത്തി ജെയ്റ്റിലി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും പറഞ്ഞ സുര്‍ജെവാല, 43 വര്‍ഷങ്ങള്‍ക്ക് ശേഷവും ബിജെപി പഴയ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇന്ദിരാഗാന്ധി ജനഹിതം മാനിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് നടത്തിയെന്നും പറയാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി.

‘ആ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ബിജെപി അധികാരത്തിലെത്തി. അതില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിച്ചു. ഇന്ദിരാജിയും കോണ്‍ഗ്രസും ജനഹിതം മാനിച്ചു. എന്നാല്‍ ജനതാ സര്‍ക്കാരിന്റെ പ്രകടനം കണ്ട ജനങ്ങള്‍ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് വീണ്ടും വോട്ട് ചെയ്ത് അധികാരത്തില്‍ എത്തിക്കുകയും ചെയ്തു. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിരാജിയും പിന്നീടെത്തിയ സോണിയ ഗാന്ധിയും അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്. എവിടെയെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കാനും സമ്മതിക്കാനുമുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ട്,’ സുര്‍ജെവാല പറഞ്ഞു.

‘എന്നാല്‍ രാജ്യവിരുദ്ധമെന്ന് നിങ്ങള്‍ വിളിച്ച അടിയന്തരാവസ്ഥ കാലഘട്ടത്തേക്കാള്‍ മോശമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് ബിജെപി പ്രസിഡന്റ് അമിത്ഷായെ ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റേയും പേരില്‍ മറ്റൊരു ഭരണകൂടത്തിന് കീഴിലും ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നില്ല, ആദിവാസികളും ദലിതുകളും ഇവിടെ പരസ്യമായി മര്‍ദ്ദനത്തിനിരയാകുന്നു. കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നു, അക്കാലത്ത് ഇത്തരം സ്ഥിതിയുണ്ടായിരുന്നില്ല,’ സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.

DONT MISS
Top