”മുഖ്യമന്ത്രി വസുന്ധര രാജ സംസ്ഥാനം കൊള്ളയടിക്കുന്നു”; രാജസ്ഥാനില്‍ ബിജെപി എംഎല്‍എ രാജിവെച്ചു

ഘനശ്യാം തിവാരി

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി എംഎല്‍എ ഘനശ്യാം തിവാരി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ ഏകാധിപത്യ ഭരണത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കയച്ച കത്തില്‍ തിവാരി പറയുന്നു.

ഈ വര്‍ഷം രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിവാരിയുടെ രാജി. യഥാര്‍ത്ഥ അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് രാജിക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തിവാരി വ്യക്തമാക്കി, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച എംഎല്‍എ കൂടിയായിരുന്നു തിവാരി.

അടുത്തിടെയായി വസുന്ധര രാജ സര്‍ക്കാരിന്റെ മുഖ്യ വിമര്‍ശകരില്‍ ഒരാളാണ് ഘനശ്യാം തിവാരി. മുഖ്യമന്ത്രിയും മറ്റ് ചില മന്ത്രിമാരും സംസ്ഥാനം കൊള്ളയടിക്കുകയാണെന്നും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും തിവാരി ആരോപിച്ചു. വസുന്ധര രാജയ്ക്ക് കീഴില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ബിജെപി കനത്ത വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വസുന്ധര രാജ സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധവികാരം ശക്തമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന് പിന്നാലെ തിവാരിയുടെ രാജിയും ബിജെപിക്ക് തിരിച്ചടിയായേക്കും. അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ മകന്റെ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുമെന്ന് തിവാരി വ്യക്തമാക്കി. അടുത്തിടെയാണ് തിവാരിയുടെ മകന്‍ ‘ഭാരത് വാഹിനി പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top