പൊലീസ് പരിശീലന ക്ലാസില്‍ മുന്‍ ഡിജിപിയും അസോസിയേഷനും തമ്മില്‍ വാക്‌പോര്

തിരുവനന്തപുരം: പൊലീസ് പരിശീലന ക്ലാസില്‍ മുന്‍ ഡിജിപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍ നേതാക്കള്‍. പൊലീസ് സംഘടനകള്‍ കേസുകളില്‍ ഇടപെടുന്നുവെന്ന മുന്‍ ഡിജിപി കെജെ ജോസഫിന്റെ വിമര്‍ശനത്തിനെതിരെയാണ് വാക്‌പോര് നടന്നത്. പൊലീസിനെ പട്ടാളച്ചിട്ടകളിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരം രോപണമുന്നയിക്കുന്നതെന്നായിരുന്നു സംഘടനാ നേതാക്കളുടെ വാദം.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എസ്‌ഐ, സിഐ, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലനക്ലാസിനിടെയായിരുന്നു സംഭവം. മുന്‍ ഡിജിപിമാര്‍ നയിക്കുന്ന ക്ലാസില്‍ 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍വീസില്‍ നിന്നു വിരമിച്ച കെജെ ജോസഫാണ് പൊലീസ് സംഘടനകള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. ജനപ്രതിനിധികള്‍ വന്നും പോയുമിരിക്കും. പൊലീസുകാര്‍ അവര്‍ക്കു പിന്നാലെ പോകേണ്ടവരല്ല. സംഘടനകള്‍ അനാവശ്യമായി കേസുകളില്‍ ഇടപെടുന്നുണ്ടെന്നും കെജെ ജോസഫ് വിമര്‍ശനമുയര്‍ത്തി.

എന്നാല്‍ ഇത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യമാണെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ നേതാവ് ഡികെ പൃഥ്വീരാജ് രംഗത്ത് വന്നു. സംഘടനകള്‍ കേസുകളില്‍ ഇടപെട്ട ഒരു സംഭവമെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയുമോ എന്നായിരുന്നു പൃഥ്വീരാജിന്റെ വെല്ലുവളി. സര്‍വീസിലിരിക്കെ പൊലീസില്‍ പട്ടാളച്ചിട്ട കൊണ്ടു വരാന്‍ ശ്രമിച്ച ആളുകളാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കാലഘട്ടം മാറിയത് അവര്‍ മനസിലാക്കണമെന്നും മറ്റു പ്രതിനിധികളും പറഞ്ഞു. 2008 ല്‍ നിലവില്‍ വന്ന ജനമൈത്രി പൊലീസ് സംവിധാനത്തിന്റെ പൂര്‍ണതയ്ക്കാണ് തങ്ങള്‍ ശ്രമിക്കുന്നത്. ജനങ്ങളെ കൂടി സഹകരിപ്പിച്ച് മാത്രമേ ഇക്കാലത്ത് പൊലീസിന് വിവാദരഹിതമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നിലവിലെ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ പരാമര്‍ശമാണ് ഡിജിപി നടത്തിയതെന്നും ക്ലാസില്‍ വാദമുയര്‍ന്നു. തുടര്‍ന്ന് സംസാരിച്ച ഡിജിപി ലോക്‌നാഥ് ബഹ്‌റയും വിഷയത്തില്‍ സംഘടനാനേതാക്കള്‍ പറഞ്ഞതാണ് ശരിയെന്ന നിലപാടാണ് സ്വീകരിച്ചത്. സംഘടനകള്‍ കേസുകളെ സ്വാധീനിക്കാന്‍ ശ്രമിച്ച ഒരു സംഭവവും താന്‍ കേട്ടിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.

പരിശീലന ക്ലാസ് കഴിഞ്ഞിട്ടും ഇതേ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. പൊലീസ് സംഘടനകളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലടക്കം ഇതേചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഏതായാലും പൊലീസിനെ മര്യാദക്കാരാക്കാന്‍ വിളിച്ചു ചേര്‍ത്ത പരിശീലന ക്ലാസ് മറ്റൊരു വിവാദത്തിനു കൂടി വഴിമരുന്നിട്ടിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top