ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ ധാരണ; സമ്മതമെങ്കില്‍ ദിലീപിന് തിരിച്ചുവരാം

‘അമ്മ’ ഭാരവാഹികള്‍ (ഫയല്‍)

കൊച്ചി: മലയാള ചലചിത്ര താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നടന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയുടെ ആദ്യജനറല്‍ ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ യോഗത്തില്‍ ധാരണയായി. ഉച്ചക്ക് ശേഷം നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവരം ദിലീപിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിഞ്ഞശേഷമാകും അന്തിമതീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം.

ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് പകരം മോഹന്‍ലാല്‍ പ്രസിഡന്റാകുകയും മമ്മൂട്ടിക്കം പകരം ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുകയും ചെയ്ത ശേഷമുള്ള ആദ്യജനറല്‍ ബോഡി യോഗത്തില്‍ അംഗങ്ങളുടെ പങ്കാളിത്തം കുറവായിരുന്നു. യുവതാരങ്ങള്‍ പലരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസി സംഘടനയില്‍ അംഗങ്ങളായ വനിതാ താരങ്ങളും ഇന്നത്തെ യോഗത്തിന് എത്തിയില്ല. ഇതിനാല്‍ ദിലീപിന് അനുകൂലമായ തീരുമാനമെടുക്കുന്നതിന് ജനറല്‍ബോഡി യോഗത്തിന് ഏറെ വിഷമിക്കേണ്ടിവന്നില്ല. യോഗത്തില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞതില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചുവെന്നും സൂചനയുണ്ട്.

യോഗത്തില്‍ നടി ഊര്‍മ്മിള ഉണ്ണിയാണ് ദിലീപ് വിഷയം അവതരിപ്പിച്ചത്. അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നും സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ലെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. തുടര്‍ന്നാണ് യോഗത്തില്‍ ദിലീപിനെ തിരികെ കൊണ്ടുവരണമെന്ന ധാരണ രൂപപ്പെട്ടത്.

DONT MISS
Top