ഗുജറാത്തില്‍ ഒന്‍പതാം ക്ലാസുകാരനെ സ്‌കൂളില്‍ കുത്തിക്കൊലപ്പെടുത്തിയത് സ്‌കൂളിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നെന്ന് പിടിയിലായ വിദ്യാര്‍ത്ഥി

പിടിയിലായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ കണ്ടെത്തിയ ആയുധങ്ങള്‍

വഡോദര: ഗുജറാത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. വെള്ളിയാഴ്ചയാണ് വഡോദര ശ്രീഭാരതീയ വിദ്യാലയയിലെ
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവ് തദ്വിയെ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുത്തേറ്റ് മരിച്ച 14 വയസുകാരനായ ദേവ് തദ്വിക്കൊപ്പം പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പതിനേഴുകാരന്‍ ശുചിമുറിയിലേക്കു കയറിപ്പോകുന്നത് സ്‌കൂളിലെ സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ച്ച മുന്‍പാണ് ദേവ് തദ്വി ബാരണ്‍പോരയിലുള്ള സ്‌കൂളില്‍ ചേര്‍ന്നത്.

സംഭവത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൃത്യം നടത്തിയ വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗ് സ്‌കൂളിന് സമീപത്തുള്ള ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ ബാഗില്‍ മൂന്ന് വലിയ കത്തികളും മുളക് വെള്ളം കലക്കിയ കുപ്പിയും കണ്ടെത്തിയിരുന്നു.

പതിനേഴുകാരനെതിരേ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, കൊല്ലപ്പെട്ട കുട്ടിയുമായി പ്രതിയായ കുട്ടിക്ക് വ്യക്തിപരമായ വിരോധമൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂളിനോട് കടുത്ത വിരോധമായിരുന്നു പത്താംക്ലാസുകാരന്. ഇതിനാല്‍ സ്‌കൂളിന് അപകീര്‍ത്തികരമായ എന്തെങ്കിലും ചെയ്യുകയെന്ന ഉദ്ദേശത്തിലാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിന് ദില്ലിക്ക് സമീപം ഗുരുഗ്രാമില്‍ സ്വകാര്യ സ്‌കൂളിലും എട്ടുവയസുകാരന്‍ സമാനമായി സ്‌കുള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യം സ്‌കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂളിന് അവധി നല്‍കി പരീക്ഷ മാറ്റിവയ്ക്കാനാണ് താന്‍ കൃത്യം നിര്‍വഹിച്ചതെന്നായിരുന്നു ഈ കേസില്‍ പിടിയിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൊഴി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top