കേന്ദ്രമന്ത്രി എന്തും വിളിച്ച് പറയരുത്, ഗോയലിന്റേത് വിടുവായത്തം: മറുപടിയുമായി മുഖ്യമന്ത്രി

ദില്ലി: പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തെങ്കിലും വിളിച്ച് പറയാന്‍ പാടില്ലെന്നും അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വെയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ സംസ്ഥാനത്ത് നല്ല പുരോഗിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ വിശദമായി അദ്ദേഹത്തെ എഴുതി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ റെയില്‍ വികസനത്തിന് തടസം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുള്ള കാലതാമസമാണെന്നും ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റെയില്‍ വികസനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.

പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് പ്രാവര്‍ത്തികമാക്കണം. റെയില്‍വെ വികസനവുമായി സംസ്ഥാനം സഹകരിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. തെറ്റിദ്ധാരണ ആവര്‍ത്തുകയാണെങ്കില്‍ അത് ബോധപൂര്‍വമാണ്.

തെറ്റിദ്ധാരണകൊണ്ടാണ് അദ്ദേഹം പറഞ്ഞതെങ്കില്‍ തിരുത്താന്‍ ഇത് സഹായിക്കും. അദ്ദേഹം തെറ്റിദ്ധാരണയുടെ പുറത്താണ് പറയുന്നതെന്ന് ഇന്നലെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അത് ആവര്‍ത്തിക്കുമ്പോള്‍ ബോധപൂര്‍വമാണെന്ന് തോന്നുന്നു. കാര്യങ്ങള്‍ മനസിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം.

കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തും വിളിച്ചുപറയുന്നത് ശരിയല്ല. റെയില്‍വെയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ മികച്ചപുരോഗതിയാണ് പൊതുവില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ എന്ന നിലയില്‍ എല്ലാ വസ്തുതകളും വച്ചുകൊണ്ട് ഇക്കാര്യം അദ്ദേഹത്തെ എഴുതി അറിയിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും അദ്ദേഹത്തെ അറിയിക്കും. ആകാശത്തുകൂടി റെയില്‍പ്പാളം ഉണ്ടാക്കാനാകില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിടുവായത്തം മാത്രമാണ്. മുഖ്യമന്ത്രി പ്രതികരിച്ചു.

DONT MISS
Top