പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് സിസ്റ്റര്‍ ലിനിയുടെ പേരു നല്‍കിയതായി വ്യാജ പ്രചരണം; ഗൂഗിളിന് പരാതി നല്‍കാനൊരുങ്ങി ആശുപത്രി അധികൃതര്‍

കോഴിക്കോട്: നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയോടുള്ള ആദരസൂചകമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പേര് ഏയ്ഞ്ചല്‍ ലിനി മെമ്മോറിയല്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി എന്നാക്കി മാറ്റിയെന്ന് വ്യാജ വാര്‍ത്ത. ഒരു വ്യക്തിയുടെ ട്വീറ്റ് ആണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സത്യാവസ്ഥയറിയാതെ വാര്‍ത്ത പ്രചരിപ്പിച്ചിട്ടുണ്ട്.

ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഈ വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ആശുപത്രിക്ക് ലിനി സിസ്റ്ററിന്റെ പേരു നല്‍കണമെന്നതിനോട് എല്ലാവര്‍ക്കും യോജിപ്പാണ്. എന്നാല്‍ ഔദ്യോഗികമായി അങ്ങനെ ഒരു തീരുമാനമില്ലെന്നും പ്രദേശത്തെ ചില ചെറുപ്പക്കാരാവാം ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്കു പിന്നിലെന്നു കരുതുന്നതായും അധികൃതര്‍ വ്യക്തമാക്കി. രാവിലെ മുതല്‍ ഗൂഗിളിലും ആശുപത്രിയുടെ പേര് ലിനി മെമ്മോറിയല്‍ എന്നാക്കി എഡിറ്റ് ചെയ്ത് ലോക്ക് ചെയ്തിട്ടുണ്ട്. ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ആശുപത്രി അധികൃതര്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല.

ലിനി മരിച്ചതിനു ശേഷം സഹപ്രവര്‍ത്തകരും നാട്ടുകാരും ആശുപത്രിക്ക് ലിനിയുടെ പേര് നല്‍കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രദേശത്തെ ചില യുവാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് പരിസരത്ത് ബോര്‍ഡ് വെക്കുകയും ചെയ്തിരുന്നു.

DONT MISS
Top