745 കോടിയുടെ അസാധു നോട്ട് നിക്ഷേപം; അമിത് ഷാ ഡയറക്ടറായുള്ള ബാങ്കിന് ഒന്നാം സ്ഥാനം

അമിത് ഷാ

അഹമ്മദാബാദ്: അസാധു നോട്ടുകളുടെ നിക്ഷേപത്തില്‍ അമിത് ഷാ ഡയറക്ടറായുള്ള ബാങ്കിന് ഒന്നാം സ്ഥാനം. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണ് സഹകരണ ബാങ്കുകളുടെ കൂട്ടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചിരിക്കുന്നത്. 745.59 കോടി രൂപയുടെ അസാധു നോട്ടുകളുടെ നിക്ഷേപമാണ് ബാങ്കില്‍ ഉണ്ടായിരിക്കുന്നത്.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ട് നിരോധനം ഏര്‍പ്പെടുത്തി അഞ്ച് ദിവസത്തിനകമാണ് ബാങ്കില്‍ ഇത്രയും കോടി രൂപയുടെ നിക്ഷേപം ഉണ്ടായിരിക്കുന്നത്. മുംബൈ സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്.

ഗുജറാത്തിലെ തന്നെ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കിനാണ് അസാധു നോട്ട് നിക്ഷേപത്തില്‍ രണ്ടാം സ്ഥാനം. 693.19 കോടി രൂപയുടെ അസാധു നോട്ടുകളാണ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. ബിജെപി നേതാവും വിജയ് രൂപാണി മന്ത്രി സഭയിലെ ക്യാബിനറ്റ് മന്ത്രിയുമായ ജയേഷാഭായി വിത്തല്‍ഭായി രാദാദിയാണ് ഈ ബാങ്കിന്റെ ഡയറക്ടര്‍.

നോട്ട് നിരോധനം ഏര്‍പ്പെടുത്തി അഞ്ച് ദിവസം മാത്രമായിരുന്നു ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിരോധിച്ച് നോട്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി നല്‍കിയിരുന്നത്. നവംബര്‍ 14, 2016 മുതല്‍ അസാധുവായ നോട്ടുകള്‍ സ്വീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കും എന്ന സംശയത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top