വീണ്ടും വിജയം ഫ്രാന്‍സിന്; പൊരുതിത്തോറ്റ് പെറു

എകാതറിന്‍ബര്‍ഗ്: കഴിഞ്ഞ മത്സരത്തിനേക്കാള്‍ കളി മെച്ചപ്പെടുത്തി ഫ്രാന്‍സിന്റെ കുതിപ്പ് മുന്നോട്ട്. ലോകകപ്പില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. എന്നാല്‍ കളിയിലുടനീളം ഫ്രാന്‍സിനെ വിറപ്പിച്ചുനിര്‍ത്താന്‍ പെറുവിനായി.

38-ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ എംബാപെയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. വെറും 19 വയസുമാത്രമാണ് എംബാപെയുടെ പ്രായം. ഇതോടെ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വിജയം നേടി. ആറ് പോയന്റുകളോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ടീമിനായി.

കളിയിലുടനീളം പെറു പുറത്തെടുത്ത പോരാട്ടവീര്യം എടുത്തുപറയാതിരിക്കാനാവില്ല. പോസ്റ്റില്‍ തട്ടി തെറിച്ചതും തൊട്ട് വെളിയിലേക്ക് പോയവയുമുള്‍പ്പെടെ നിരവധി ഷോട്ടുകളാണ് ഫ്രാന്‍സിനെ വിറപ്പിച്ചുകൊണ്ട് പെറു തൊടുത്തത്. തോല്‍വിയോടെ പെറു ലോകകപ്പില്‍നിന്ന് പുറത്തായിട്ടുണ്ട്.

DONT MISS
Top