മെഡിക്കല്‍ പ്രവേശനം; സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ധാരണയിലെത്തി

ആരോഗ്യമന്ത്രി കെകെ ശൈലജ

കൊച്ചി: മെഡിക്കല്‍ പ്രവേശനം സുഗമമായി നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ധാരണയിലെത്തി. പൊതുവിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം മാനേജുമെന്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയ സീറ്റുകള്‍ അതുപോലെ നിലനിര്‍ത്തും. ന്യൂനപക്ഷ കോളെജുകളില്‍ ചില കോളെജുകള്‍, സീറ്റ് മെട്രിക് പൊതുവിഭാഗത്തില്‍ കുറവുവരുത്തിയായിരുന്നു സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേതിന് തുല്ല്യമാക്കാമെന്ന് മാനേജ്‌മെന്റുകള്‍ ഉറപ്പുനല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

നിലവിലുള്ള ഫീസ് ഘടനയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത പല മാനേജുമെന്റുകളും പറഞ്ഞുവെങ്കിലും നീറ്റ് മെറിറ്റിന്റേയും സുപ്രിം കോടതി വിധിയുടേയും അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ മാറ്റം വരുത്താന്‍ കഴിയില്ല. മാത്രമല്ല പ്രോസ്പറ്റോസില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. അതിലൊരുമാറ്റവും വരുത്താന്‍ കഴിയില്ല. കോളെജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ്.

പ്രവേശന സമയത്ത് എന്‍ട്രന്‍സ് കമ്മീഷണര്‍ മുമ്പാകെ അടയ്ക്കുന്ന ഫീസ് മാനേജുമെന്റുകള്‍ക്ക് ലഭിക്കാന്‍ വൈകുന്നുവെന്ന പരാതി ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കാലതാമസം കൂടാതെ ലഭിക്കാനുള്ള നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. അതുപോലെ തന്നെ എസ്എസി, എസ്ടി വിഭാഗത്തിലുള്ള ഫീസ് കോളെജുകള്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും കുടിശികയുണ്ടെന്നും മാനേജ്മെന്റുകള്‍ പറഞ്ഞു. ഇക്കാര്യം കോളെജുകള്‍ എഴുതിത്തരുന്ന മുറയ്ക്ക് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയതായി ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

സ്വാശ്രയ കോളെജുകളിലെ സമര്‍ത്ഥരായവരും എന്നാല്‍ സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ എംബിബിഎസ് വിദ്യാത്ഥികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഡ്മിഷന്‍ & ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപീകരിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു.

DONT MISS
Top